തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ് ആന്റണി, അമുല്‍, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തില്‍ നിന്ന് 400 ഗ്രാമിലധികം സ്വര്‍ണം കണ്ടെടുത്തു. വാഹനത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തിരച്ചില്‍ തുടരുകയാണ്.
ചാലയില്‍ ജ്വല്ലറി നടത്തുന്ന നന്ദകുമാര്‍ എന്ന വ്യാപാരിയുടെ പക്കല്‍ നിന്നാണ് പ്രതികള്‍ സ്വര്‍ണം കവര്‍ന്നത്. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു കവര്‍ച്ച. ബിസിനസ് തര്‍ക്കമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രതികളായ അമുല്‍, ദിലീപ് എന്നിവര്‍ ചാലയില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.
നിരവധി കേസുകളില്‍ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഷാഡോ അനില്‍ എന്ന അനില്‍ പ്രസാദും വിനോദ് ആന്റണിയും ആണ് ബൈക്കില്‍ എത്തി ജ്വല്ലറിയുടമ നന്ദകുമാറില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത്. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ ഹൈവേയ്ക്ക് സമീപം എത്തിയപ്പോള്‍ അനൂപ് രാജ് കാറുമായി കാത്തു നിന്നിരുന്നു. തുടര്‍ന്ന് കാറില്‍ കയറി ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നു.
പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ പ്രതികള്‍ ബംഗളൂരുവിലേക്ക് പോയി. ഫോര്‍ട്ട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തിയെന്ന് മനസ്സിലാക്കിയ പ്രതികള്‍ വയനാട്ടിലേക്ക് കടന്നു. വയനാട് പടിഞ്ഞാറേത്തറയിൽ വെച്ചാണ് പൊലീസ് പ്രതികളെ കാര്‍ വളഞ്ഞ് പിടികൂടിയത്. ജ്വല്ലറി ഉടമ കടപൂട്ടി പുറത്തിറങ്ങുന്നത് അടക്കമുള്ള വിവരങ്ങള്‍ കൈമാറിയത് രക്ഷപ്പെട്ട ശ്രാവണ്‍ ആണ്. ഇയാള്‍ ബൈക്കില്‍ കറങ്ങി നടന്ന് വ്യാപാരി നന്ദകുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു.
ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തുന്നത്. പിന്നീട് ഇയാളും പ്രതികളുടെ കാറില്‍ കയറുകയായിരുന്നു. വയനാട്ടില്‍ വെച്ച് പ്രതികള്‍ മുന്‍പരിചയക്കാരനായ രാജീവ് എന്നയാളെ വിളിച്ചിരുന്നു. ഒളിച്ച് താമസിക്കാന്‍ സൗകര്യം തേടിയാണ് വിളിച്ചത്. എന്നാല്‍ ഇതിനിടെ തന്നെ പ്രതികള്‍ പൊലീസിന്റെ വലയിലായി. രാജീവിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കവർച്ചയിൽ ഇയാള്‍ക്ക് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.





