തിരുവനന്തപുരം: 2024ലെ തൃശൂർ പൂരം കലക്കൽ കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ പരാമർശങ്ങൾ ദുർബലമാണെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാർ മടക്കി. തിരുവമ്പാടി ദേവസ്വത്തിലെ 10 ഭാരവാഹികൾക്കെതിരെ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ അനുമതി തേടിയായിരുന്നു പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ആരോപണങ്ങൾക്കൊപ്പം ആവശ്യമായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കൂടുതൽ വിശദീകരണവും തെളിവുകളിൽ വ്യക്തതയും ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ പൂരം കലക്കൽ അന്വേഷണമാണ് ഇതോടെ വീണ്ടും പൊലീസിന്റെ പരിഗണനയിലെത്തുന്നത്. എഡിജിപി എം.ആർ. അജിത്കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് 2024ൽ ആഭ്യന്തരവകുപ്പ് തള്ളിയതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ 16 വീഴ്ചകളാണ് എസ്‌ഐടിയുടെ 15 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. പൊലീസിന്റെ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, പൂരത്തിന്റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി അജിത്കുമാറിന് ജാഗ്രതക്കുറവുണ്ടായെന്ന് പരാമർശിച്ചെങ്കിലും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
വീഴ്ച വരുത്തിയ മറ്റ് പൊലീസുകാർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമായ ശുപാർശകളില്ലെന്നാണ് വിമർശനം. തിരുവമ്പാടി ദേവസ്വത്തിലെ 10 ഭാരവാഹികൾക്കെതിരായ ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകളിൽ ഉത്തരവാദിത്തം നിർണയിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പുതിയ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങളും വ്യക്തമായ തെളിവുകളും ഉൾപ്പെടുത്തേണ്ടിവരും. പൂരം കലക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചന, പൊലീസ് വീഴ്ച, ദേവസ്വം ഭാരവാഹികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ തുടർ അന്വേഷണത്തിന്റെ ദിശ നിർണയിക്കുന്നതാണ് സർക്കാരിന്റെ ഈ നടപടി.





