ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് വീണ് സ്കൂൾ വിദ്യാർഥി മരിച്ചു. ഗുവാഹത്തിയിലെ ബാമുനിമൈദാം മേഖലയിലുള്ള ജ്യോതിനഗറിലാണ് സംഭവമുണ്ടായത്. ഗുരുകുൽ ഗ്രാമർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അരുണാഭ് കലിതയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ചന്ദ്രാണി കലിതയെ (50) ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച (നവംബർ 13) രാത്രിയായിരുന്നു സംഭവം. വീട്ടിൽവെച്ച് അമ്മയെ ആക്രമിച്ച ശേഷം പുറത്തിറങ്ങിയ അരുണാഭ്, സ്കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സംഭവത്തെക്കുറിച്ച് സന്ദേശമയച്ചിരുന്നു. അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വീട് കണ്ടെത്തി അമ്മയെ സഹായിക്കണമെന്നും വിദ്യാർഥി സഹപാഠികളോട് അഭ്യർത്ഥിച്ചു. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ചന്ദ്രാണിയെ വീട്ടിൽ കണ്ടെത്തി. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന ചന്ദ്രാണി അപകടനില തരണം ചെയ്തതായും ഭക്ഷണം കഴിച്ചുതുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അമ്മയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് നഗരത്തിലെ എബിസി മേഖലയിലുള്ള ‘മയൂർ ഹൈറ്റ്സ്’ എന്ന കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് ഒരു വിദ്യാർഥി താഴേക്ക് വീണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച അരുണാഭ് തന്നെയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന അരുണാഭ് ഒളിമ്പ്യാഡ് മത്സരത്തിൽ സ്വർണമെഡൽ നേടിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അപ്രതീക്ഷിതമായ ഈ സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







