ധാക്ക ∙ മലേഷ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ബംഗ്ലദേശി പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാരുടെ വൈറൽ വിഡിയോയിൽ സൈബർ ലോകത്ത് ആശയക്കുഴപ്പം. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ യുവാവിന്റെ ഭാര്യമാരാണെന്ന് അവകാശപ്പെട്ട് മൂന്ന് പേരും ഒരേസമയം എത്തിയതിനെ തുടർന്നുണ്ടായ നാടകീയ രംഗങ്ങളാണ് വിഡിയോയിലുള്ളത്. താനാണ് യഥാർഥ ഭാര്യയെന്ന് അവകാശപ്പെട്ട് യുവാവിനെ കൂടെക്കൂട്ടാൻ സ്ത്രീകൾ തമ്മിൽ തർക്കിക്കുകയും പരസ്പരം വലിച്ചിഴയ്ക്കുകയും ചെയ്തതോടെ സംഭവം സംഘർഷാവസ്ഥയിലെത്തി.
2026 നവംബർ 10നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ. മലേഷ്യയിൽ നിന്ന് തിരിച്ചെത്തിയ യുവാവിനെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് മൂന്ന് സ്ത്രീകളും കാത്തുനിൽക്കുകയായിരുന്നു. യുവാവ് പുറത്തുവന്നതോടെ ഓരോരുത്തരും താനാണ് ഇയാളുടെ യഥാർഥ ഭാര്യയെന്ന് അവകാശപ്പെട്ടു. പിന്നാലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മൂന്ന് പേരും നിർബന്ധം പിടിച്ചതോടെ തർക്കം രൂക്ഷമായി. സ്ത്രീകൾ യുവാവിനെ വ്യത്യസ്ത ദിശകളിലേക്ക് വലിച്ചതോടെ വിമാനത്താവളത്തിന് പുറത്ത് ബഹളവും സംഘർഷവുമുണ്ടായി.
നാടകീയ രംഗങ്ങൾ കാണാൻ ടെർമിനലിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. സ്ഥിതിഗതികൾ വഷളായതോടെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്.
∙ വൈറൽ വിഡിയോയിലെ ആശയക്കുഴപ്പം?
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഡിയോ വൈറലായി. ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’, ‘വണക്കം മലേഷ്യ’ തുടങ്ങിയ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, യുവാവിന്റെയോ ഇയാളെ സ്വീകരിക്കാനെത്തിയ മൂന്ന് സ്ത്രീകളുടെയോ വ്യക്തിവിവരങ്ങൾ അധികൃതരോ വാർത്താ മാധ്യമങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർഥ സംഭവത്തിന്റേതാണോ, അതോ വൈറലാകാൻ വേണ്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ‘ഉമീദ് ന്യൂസ്’ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.







