സിംഗപ്പൂർ∙ 71 പൂച്ചകളെ ഫ്ലാറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ സിംഗപ്പൂർ സ്വദേശിനിയായ നൂറുൽ നദിയ നോർ മുഹമ്മദിന് (33) തടവുശിക്ഷ. വൃത്തിഹീനമായ ഫ്ലാറ്റിലാണ് നൂറുൽ മുൻ ഭർത്താവിനൊപ്പം ചേർന്ന് ഏകദേശം രണ്ട് വർഷത്തോളം പൂച്ചകളെ ഉപേക്ഷിച്ചത്. പൂച്ചകളിൽ ഒൻപതെണ്ണം ചത്തു. ആവശ്യമായ പരിചരണമില്ലാത്തതിനാലാണ് ഇവ ചത്തതെന്നാണ് കരുതപ്പെടുന്നത്. ശേഷിച്ചവയിൽ പലതും നിർജലീകരണവും പോഷകാഹാരക്കുറവും നേരിട്ട നിലയിലായിരുന്നു.
നവംബർ 12ന് കോടതിയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് നൂറുലിന് ശിക്ഷ വിധിച്ചത്. സംഭവത്തിൽ 24 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 12 മാസത്തേക്ക് വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തി.
∙ അതിവേഗം പെരുകി പൂച്ചകൾ
നൂറുലും മുൻ ഭർത്താവ് മുഹമ്മദ് ഖൈറുൽ നയിം സൈനോളും 2018ലാണ് സിംഗപ്പൂരിലെ ബുക്കിറ്റ് പാൻജാങ്ങിൽ ഫ്ലാറ്റ് വാങ്ങിയത്. 2019 മുതൽ വന്ധ്യംകരണം നടത്താത്ത പൂച്ചകളെ വളർത്താൻ തുടങ്ങി. ഇവ അതിവേഗം പെറ്റുപെരുകിയതോടെ എണ്ണം വർധിച്ചു. പൂച്ചകൾക്ക് പുതിയ ഉടമകളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
2022 ഏപ്രിലിൽ ദമ്പതികൾ ഖൈറുലിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി. എന്നാൽ പൂച്ചകളെ ഫ്ലാറ്റിൽത്തന്നെ ഉപേക്ഷിച്ചു. ബില്ലുകൾ അടയ്ക്കാത്തതിനെത്തുടർന്ന് പിന്നീട് ഫ്ലാറ്റിലെ വൈദ്യുതി, ജലവിതരണവും വിച്ഛേദിക്കപ്പെട്ടു. ആദ്യഘട്ടത്തിൽ ദിവസവും ഭക്ഷണവും വെള്ളവുമായി ഫ്ലാറ്റിലെത്തിയിരുന്നുവെന്ന് ഖൈറുൽ കോടതിയിൽ പറഞ്ഞു. എന്നാൽ ഫ്ലാറ്റിലെ സാഹചര്യം കൂടുതൽ മോശമായതോടെ അകത്തേക്ക് പ്രവേശിക്കുന്നത് നിർത്തി. പകരം വാതിലിന് പുറത്ത് ഭക്ഷണവും വെള്ളവും വയ്ക്കുകയായിരുന്നു. മിക്ക സന്ദർശനങ്ങളിലും നൂറുലും ഒപ്പമുണ്ടായിരുന്നു.
∙ അയൽവാസി കണ്ട കാഴ്ച
2024 ഫെബ്രുവരി 20നാണ് സംഭവം പുറത്തറിയുന്നത്. ഫ്ലാറ്റിന്റെ എയർ കണ്ടീഷനിങ് യൂണിറ്റിന്റെ പുറത്തെ തട്ടിൽ അവശനിലയിൽ ഒരു പൂച്ചയെ കണ്ട അയൽവാസി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ പ്രവേശിച്ച് നടത്തിയ പരിശോധനയിൽ 61 പൂച്ചകളെ ജീവനോടെ കണ്ടെത്തി. പൂച്ചകളുടെ മലം, അഴുക്ക് എന്നിവകൊണ്ട് ഫ്ലാറ്റ് നിറഞ്ഞ നിലയിലായിരുന്നു. അമോണിയയുടെ രൂക്ഷമായ ഗന്ധവും ഫ്ലാറ്റിലുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ 61 പൂച്ചകളും നിർജലീകരണം നേരിട്ടിരുന്നതായി വെറ്ററിനറി പരിശോധനയിൽ കണ്ടെത്തി. ഇവയിൽ 44 എണ്ണം വളരെ മെലിഞ്ഞതോ തീർത്തും പോഷകാഹാരക്കുറവുള്ളതോ ആയിരുന്നു. ഒൻപത് പൂച്ചകൾ അതീവ ഗുരുതരമായ പോഷകാഹാരക്കുറവിലായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി.
∙ ഗുരുതരമായ അനാസ്ഥ
വാതിലിന് പുറത്ത് ഉപേക്ഷിച്ചിരുന്ന ഭക്ഷണം ഇത്രയധികം പൂച്ചകൾക്ക് മതിയാകുന്നതായിരുന്നില്ലെന്ന് നാഷനൽ പാർക്സ് ബോർഡിലെ വെറ്ററിനറി ഡോക്ടർ കോടതിയിൽ വ്യക്തമാക്കി. നൂറുലിന് 16 മുതൽ 24 ആഴ്ച വരെ തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗിയായ പിതാവിനെ പരിചരിക്കേണ്ട ഉത്തരവാദിത്തം, പൂച്ചകൾക്ക് പുതിയ ഉടമകളെ കണ്ടെത്താൻ നേരത്തേ നടത്തിയ ശ്രമങ്ങൾ എന്നിവ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ വ്യാപ്തിയും നീണ്ട കാലയളവും പരിഗണിക്കുമ്പോൾ മൃഗങ്ങളെ കൂട്ടത്തോടെ വളർത്തി അവഗണിച്ച കേസുകളിൽ ഏറ്റവും ഗുരുതരമായ ഒന്നാണിത്.പൂച്ചകൾ പൂർണമായും ഉടമകളെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.
ജില്ലാ ജഡ്ജി കെന്നത്ത് ചിൻ
നൂറുലിന്റെ മുൻ ഭർത്താവ് ഖൈറുൽ (37) സമാനമായ 24 കുറ്റങ്ങൾ സമ്മതിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 23ന് 16 ആഴ്ചത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.






