റോഡിൽ കളിച്ചതിന് വഴക്ക്; മൈതാനം വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ പരാതി, ഒടുവിൽ കളിക്കാൻ ഇടം

Spread the love

റോഡിൽ ഫുട്ബോൾ കളിച്ചതിന് അയൽവാസികളുടെ വഴക്ക് പതിവായതോടെ പന്തുകളി ഉപേക്ഷിക്കാൻ പൂക്കോട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിലെ കുട്ടികൾ തയ്യാറായില്ല. കളിക്കാൻ സ്വന്തമായി ഒരു മൈതാനമില്ലാത്തതിനാൽ റോഡ് മാത്രമായിരുന്നു ഇവരുടെ ആശ്രയം. എന്നാൽ അവിടെയും കളി മുടങ്ങുമെന്നായതോടെ കുട്ടികൾ നേരെ വാർഡ് മെമ്പറെ സമീപിച്ചു. ആവശ്യവും പരാതിയും എഴുതി നൽകിയായിരുന്നു അവരുടെ വരവ്. വേണ്ടത് കളിക്കാൻ ഒരു മൈതാനം മാത്രം.

 

പത്തുവയസ്സിനടുത്ത് പ്രായമുള്ള കുട്ടികളുടെ ഈ പരാതി വാർഡ് മെമ്പർ സുഹറ സമീർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. കുട്ടികളുടെ ആവശ്യം ഏറ്റെടുത്ത് നാട്ടുകാരിലൊരാൾ തന്റെ ഒഴിഞ്ഞ സ്ഥലം കളിക്കാനായി വിട്ടുനൽകി. പിന്നാലെ ഫുട്ബോളും ബൂട്ടും ജഴ്സിയുമെല്ലാം വാങ്ങിനൽകാൻ സ്പോൺസർമാരും മുന്നോട്ടുവന്നു.

 

വാർഡിൽ കളിക്കാൻ ഗ്രൗണ്ടില്ലാത്തതിനാൽ റോഡിലായിരുന്നു കുട്ടികളുടെ പതിവ് കളി. പന്ത് സമീപത്തെ വീടുകളിലേക്ക് പോകുന്നതും കുട്ടികളുടെ ബഹളവും വീട്ടുകാർക്ക് ബുദ്ധിമുട്ടായി. ഇതോടെ കുട്ടികളുടെ മാതാപിതാക്കളോടും വാർഡ് മെമ്പറോടും പരാതികൾ ഉയർന്നു. കഴിഞ്ഞയാഴ്ച ഒരു കുടുംബം പഞ്ചായത്തുസെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകുമെന്ന് മുന്നറിയിപ്പും നൽകി.

ഇതോടെ സുഹറ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് റോഡിൽ കളിക്കുന്നത് വിലക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പരാതി നൽകാനുള്ള നീക്കത്തെക്കുറിച്ച് അറിഞ്ഞ കുട്ടികൾ മറ്റൊരു തീരുമാനമെടുത്തു. മറ്റുള്ളവർ പരാതി നൽകുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യം ഉന്നയിച്ച് വാർഡ് മെമ്പർക്ക് പരാതി നൽകുക.

 

“പത്തുവയസ്സിനടുത്ത് പ്രായമുള്ള പത്തിലേറെ കുട്ടികളാണ് സംഘത്തിലുള്ളത്. അവരിൽ ആറുപേർ അടുത്ത ദിവസം രാവിലെ തന്നെ എന്റെ വീട്ടിലെത്തി. കളിക്കാൻ സ്ഥലമില്ലെന്നതായിരുന്നു അവരുടെ പരാതി. റോഡിലോ മറ്റോ കളിക്കുമ്പോൾ നാട്ടുകാരും വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരും വഴക്ക് പറയുന്നുവെന്നും അവർ പറഞ്ഞു. കളിക്കാൻ ഒരിടം വേണമെന്നതായിരുന്നു അവരുടെ ആവശ്യം. പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ, ‘മെമ്പർമാർ ഇങ്ങനെ പറയാറുണ്ടെങ്കിലും ഒന്നും ചെയ്യാറില്ലല്ലോ’ എന്നായിരുന്നു അവരുടെ മറുപടി. അപ്പോഴാണ് എന്തായാലും കുട്ടികൾക്കായി ഒരു ഗ്രൗണ്ട് കണ്ടെത്തണമെന്ന് എനിക്ക് തോന്നിയത്,” സുഹറ പറഞ്ഞു.

 

തുടർന്ന് സമീപവാസികളുമായി സംസാരിച്ചപ്പോൾ കൊണ്ടോട്ടിപ്പറമ്പൻ വീട്ടിൽ ഹബീബ് റഹ്മാൻ തന്റെ ഒഴിഞ്ഞ പറമ്പിന്റെ ഒരു ഭാഗം കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകാൻ തയ്യാറായി. സ്ഥിരമായി ഒരു മൈതാനം കണ്ടെത്തുന്നതുവരെ ഇവിടെ കളിക്കാമെന്നായിരുന്നു ധാരണ. ശനിയാഴ്ച ഹബീബ് തന്നെ ട്രാക്ടർ എത്തിച്ച് സ്ഥലം നിരപ്പാക്കി നൽകി. പിന്നീട് ഗ്രൗണ്ട് ഒരുക്കാനുള്ള ചുമതല കുട്ടികൾ ഏറ്റെടുത്തു. അടയ്ക്കാമരത്തടികൾ ഉപയോഗിച്ച് അവർ തന്നെ ഗോൾപോസ്റ്റുകളും സ്ഥാപിച്ചു.

 

സംഭവം ‘തെക്കിന്റെ നാട്’ എന്ന സമൂഹമാധ്യമ പേജ് പങ്കുവെച്ചതോടെ കുട്ടികളുടെ ആവശ്യം കൂടുതൽ പേരിലേക്കെത്തി. വീഡിയോ വൈറലായതിനു പിന്നാലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമ സഫ്വാൻ അലി കുട്ടികൾക്ക് ഫുട്ബോൾ, ബൂട്ട്, ജഴ്സി എന്നിവ വാങ്ങിനൽകാൻ മുന്നോട്ടുവന്നു. രണ്ട് ഫുട്ബോളുകൾ ഇതിനകം കുട്ടികൾക്ക് കൈമാറി. ജഴ്സിക്കും ബൂട്ടിനുമുള്ള അളവെടുപ്പും പൂർത്തിയായി.

 

റിഷാൻ, ആദിൽ, ഷാമോൻ, അനസ്, റസീൻ, റിച്ചു, നെസ്ബാൻ, നാഫി, നിഷു, ദിലു, മനു, മുനി, ഷഹദാൻ എന്നിവർക്കിപ്പോൾ കളിക്കാൻ സ്വന്തമായി ഒരിടമായി. താൽക്കാലികമായിട്ടാണെങ്കിലും ഇനി വഴക്കുകേൾക്കാതെ പന്തുതട്ടാമെന്ന സന്തോഷത്തിലാണ് കുട്ടികൾ.

 

കുട്ടികളുടെ ഈ നീക്കത്തിൽ രക്ഷിതാക്കൾക്കും അഭിമാനമുണ്ട്. “അവർക്ക് പത്തുവയസ്സേ ആയിട്ടുള്ളൂ. ആരുടെയും സഹായം തേടാതെ സ്വയം വാർഡ് മെമ്പർക്ക് പരാതി നൽകുകയും കളിക്കാൻ ഒരു മൈതാനം വേണമെന്ന് ധൈര്യത്തോടെ ആവശ്യപ്പെടുകയും ചെയ്തത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇന്നത്തെ കാലത്ത് കുട്ടികൾ മൊബൈൽ ഫോണുകൾക്ക് അടിമപ്പെടുമ്പോൾ കളിക്കാൻ ഒരു മൈതാനത്തിനായി അവർ തന്നെ പോരാടിയതിൽ അഭിമാനമുണ്ട്,” ഷാമോന്റെ പിതാവ് ജലീൽ പറഞ്ഞു.

 

  • Related Posts

    ഐരാവത്, രാജഹംസ, നോണ്‍ എസി സ്ലീപ്പര്‍…; പമ്പയിലേക്ക് പ്രതിദിന സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി

    Spread the love

    Spread the loveപത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. മകരവിളക്കു കഴിയുന്നത് വരെ സര്‍വീസ് തുടരും. ഐരാവത് ക്ലബ് ക്ലാസ് പ്രതിദിന സര്‍വീസിനു പുറമേ വാരാന്ത്യങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും നോണ്‍ എസി സ്ലീപ്പര്‍,…

    36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തെ തടവിന് ശേഷം ഇന്ന് (നവംബർ 16) ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനാകും. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *