പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. മകരവിളക്കു കഴിയുന്നത് വരെ സര്‍വീസ് തുടരും. ഐരാവത് ക്ലബ് ക്ലാസ് പ്രതിദിന സര്‍വീസിനു പുറമേ വാരാന്ത്യങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും നോണ്‍ എസി സ്ലീപ്പര്‍, രാജഹംസ, സാരിഗെ എക്‌സ്പ്രസ് ബസുകളും ഓടിക്കും.
യാത്രക്കാര്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വാഹനം നല്‍കും. ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പ്രത്യേക സര്‍വീസ്. പ്രതിദിന ബസ് മൈസൂരു വഴിയും മറ്റുള്ളവ സേലം, പാലക്കാട് വഴിയുമാകും സര്‍വീസ് നടത്തുക.
അതിനിടെ ശബരിമല തീര്‍ഥാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി കെ മുരളീധരനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും പറഞ്ഞു. മിനിറ്റില്‍ 75പേരെ പതിനെട്ടാംപടി കയറ്റാന്‍ കഴിഞ്ഞാല്‍ ശബരിമലയില്‍ സുഗമമായ ദര്‍ശനം സാധ്യമാകുമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. അപ്പത്തിന്റെയും അരവണയുടെയും ലഭ്യത സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. 75 ലക്ഷം ടിന്‍ അരവണ ലഭ്യമാക്കാനായാല്‍ തീര്‍ഥാടനകാലും സുഗമമായി പൂര്‍ത്തിയാക്കാം. 80 ലക്ഷം അരവണയുടെ ബഫര്‍ സ്റ്റോക്ക് ഉറപ്പാക്കാമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
തീര്‍ഥാടന പാതകളില്‍ 22 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ആശുപത്രികളില്‍ 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റുമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും.
തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30 ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.
17ന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. ഇന്ന് ഉച്ചയ്ക്കു 12 നു ശേഷം മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കു തീര്‍ഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു. 16ന് ഉച്ചയ്ക്കു 12ന് മുന്‍പ് നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ ബസ് സര്‍വീസുകള്‍ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മകരവിളക്ക് ജനുവരി 14ന് ആണ്. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20ന് രാവിലെ ഏഴിന് നട അടയ്ക്കും.





