പത്തനംതിട്ട: ലൈംഗികാതിക്രമത്തിൽനിന്ന് രക്ഷപ്പെടാൻ 14-കാരൻ പോലീസ് സ്റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ 52-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം മുട്ടമ്പലം സൗമ്യഭവനിൽ ആർ. ശിവാനന്ദൻ (52) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച സന്ധ്യയ്ക്ക് മലയാലപ്പുഴയിലെ ഒരു ലോഡ്ജ് മുറിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ പ്രലോഭിപ്പിച്ച പ്രതി, മലയാലപ്പുഴയിലുള്ള ലോഡ്ജ് മുറിയിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അതിക്രമത്തിൽ ഭയന്നുപോയ കുട്ടി പ്രതിയുടെ പക്കൽനിന്ന് തന്ത്രപരമായി രക്ഷപ്പെട്ട് ഓടി മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയ കുട്ടിക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി.
തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ്, പ്രതി തങ്ങിയിരുന്ന ലോഡ്ജ് മുറിയിലെത്തി ശിവാനന്ദനെ കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ (പോക്സോ സ്പെഷ്യൽ കോടതി) ഹാജരാക്കി റിമാൻഡ് ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ എസ്.ഐ. ജെ. ജോഷി, ജി.എ.എസ്.ഐ. മാത്യു എബ്രഹാം, ജി.എസ്.സി.പി.ഒ. അജിത് പ്രസാദ്, സി.പി.ഒമാരായ സജിത്ത്, ജ്യോതിഷ്, ബിജു, ഗോപൻ, പ്രജിത്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.





