ചെന്നൈ∙ തമിഴ്നാട് മന്ത്രിയും ടിവികെ നേതാവുമായി ആദവ് അർജുന വിവാഹമോചിതനാകുന്നു. ഡെയ്സി മാർട്ടിനുമായുള്ള 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇരുവരും പരസ്പര സമ്മതപ്രകാരമാണ് ബന്ധം പിരിയുന്നതെന്നാണ് വിവരം. ആദവിന്റെ ഭാര്യ ഡെയ്സിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
‘‘സുഹൃത്തുക്കൾ, ജീവിതപങ്കാളികൾ, മാതാപിതാക്കൾ എന്നിങ്ങനെ പലവിധ അധ്യായങ്ങളിലൂടെ, സ്നേഹവും മനസ്സിലാക്കലും മാറ്റങ്ങളുമായി മുന്നോട്ടു പോയ 14 വർഷങ്ങൾ. ഇന്ന് ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് ഞാനും ആദവ് അർജുനും വ്യത്യസ്ത പാതകൾ തിരഞ്ഞെടുക്കുകയാണ്. മാതാപിതാക്കൾ എന്ന ഉത്തരവാദിത്തം ഒരുമിച്ച് നിറവേറ്റുന്നതും ഞങ്ങളുടെ കുട്ടിയുടെ സന്തോഷവും ആരോഗ്യവും ഉറപ്പാക്കുക എന്നതും എപ്പോഴും ഞങ്ങളുടെ പ്രഥമ പരിഗണനയായിരിക്കും. ആദവിന്റെ മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെയെന്നും അദ്ദേഹം തിരഞ്ഞെടുക്കുന്ന വഴികളിൽ വിജയമുണ്ടാകട്ടെയെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു.’’– എന്നാണ് ഡെയ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലെ പൊതുമരാമത്ത്, കായിക മന്ത്രിയാണ് ആദവ്. സാന്റിയാഗോ മാർട്ടിന്റെ മകളായ ഡെയ്സി സംരംഭകയാണ്.






