കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് കമ്പനി വ്യാഴാഴ്ച (നവംബർ 16) കൊല്ലം ജിഎസ്ടി ഇന്റലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകണം. സമൻസ് ചോദ്യം ചെയ്തുകൊണ്ട് കമ്പനി നൽകിയ ഹർജി കോടതി തീർപ്പാക്കുകയായിരുന്നു. കേസിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ 56.32 കോടി രൂപ പിഴ ഒടുക്കാനും ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ഫോറൻസിക് ഓഡിറ്റിംഗിനും അന്വേഷണ സംഘം തുടക്കമിട്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഫണ്ട് കൈമാറ്റങ്ങൾ പൂർണ്ണമായി പരിശോധിക്കുന്നതിലൂടെ ഈ സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് കണ്ടെത്താനാണ് പൊലീസും അന്വേഷണ ഏജൻസികളും ശ്രമിക്കുന്നത്.






