തിരുവനന്തപുരം∙ കഴക്കൂട്ടത്ത് പൊലീസിനെ ആക്രമിച്ച് ലഹരിസംഘം. ഡാന്‍സാഫ് സംഘത്തിന്റെ ബൈക്കിലേക്ക് ജീപ്പിടിച്ചു കയറ്റുകയായിരുന്നു. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്കു പരുക്കേറ്റു. ദീപുരാജ് എന്ന പൊലീസുകാരന്റെ കൈ ഒടിഞ്ഞുതൂങ്ങി. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ ചാടി രക്ഷപ്പെട്ടു. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസര്‍കോട് സ്വദേശി സ്വാലി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
എംഡിഎംഎയുമായി ഒരുസംഘം എത്തുന്നുവെന്ന വിവരത്തില്‍ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തടയാന്‍ ശ്രമിച്ചതോടെ ബൈക്കിലേക്ക് ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു. ബൈക്ക് പൂര്‍ണമായും ജീപ്പിനടിയില്‍പെട്ടു തകര്‍ന്നു. അക്രമിസംഘം ലഹരി ഉപയോഗിച്ചിരുന്നുവെന്നു പൊലീസ് അറിയിച്ചു.





