‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും രക്ഷിക്കാനാവില്ല’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി

Spread the love

മുംബൈ ∙ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ ഗുണ്ടാനേതാവ് ഗോൾഡി ധില്ലന്റെ വധഭീഷണി. തന്റെ രണ്ട് കൂട്ടാളികളെ അടുത്തിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് മുംബൈയിൽ വച്ച് മുതിർന്ന നടനെ ലക്ഷ്യമിടാനുള്ള പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും ഗോൾഡി ധില്ലൻ അവകാശപ്പെട്ടു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ പ്രധാന കണ്ണിയും വിദേശത്തിരുന്ന് ഇന്ത്യയിലും കാനഡയിലും ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നയാളുമാണ് ഗോൾഡി ധില്ലൻ.

 

സമൂഹമാധ്യമത്തിലൂടെയുള്ള പോസ്റ്റിലൂടെയാണ് ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയത്. വികാസ് താക്കൂർ, ദീപക് സിങ് എന്നിവരുടെ അറസ്റ്റ് തങ്ങളുടെ പദ്ധതിയിൽ ഒരു മാറ്റവും വരുത്തില്ലെന്നും, മുംബൈയിൽ തന്റെ ഏകദേശം 200 കൂട്ടാളികൾ സജീവമാണെന്നും ഇയാൾ മുന്നറിയിപ്പ് നൽകി. സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്നവർക്കെതിരെയും പോസ്റ്റിൽ ഭീഷണിയുണ്ട്. അമിതാഭ് ബച്ചന്റെയും മകൻ അഭിഷേകിന്റെയും പേരുകൾ പ്രത്യേകം എടുത്തുപറഞ്ഞ പോസ്റ്റിൽ, ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും ഇവരെ രക്ഷിക്കാനാവില്ലെന്നും മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സമൂഹമാധ്യമ പോസ്റ്റിന്റെയും അതിലെ അവകാശവാദങ്ങളുടെയും ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

 

അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസയ്ക്ക് പുറത്ത് വെടിയുതിർക്കാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന, ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള രണ്ട് ഷൂട്ടർമാരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകമാണ് പുതിയ ഭീഷണി. തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡൽഹിയിലെ ഒരു വ്യവസായിയെ വെടിവച്ച് കൊല്ലാനുള്ള മറ്റൊരു പദ്ധതിയും ഇവരുടെ അറസ്റ്റിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

 

1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പരാമർശിച്ച ധില്ലൻ, ആക്രമണത്തിന് ഉത്തരവാദികളായവരോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് പോസ്റ്റിൽ പറഞ്ഞു. ലോകത്തിന്റെ ഏത് കോണിലായാലും സിഖ് സമുദായത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നവർക്ക് മറുപടി പറയേണ്ടിവരും. എത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാലും അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും വെടിവയ്ക്കുമെന്നും, എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകൾ നിർമിച്ചാലും അവരെ വെടിവച്ചിരിക്കുമെന്നും ഭീഷണിയുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ അമിതാഭ് ബച്ചന്റെ വസതിയായ ജൽസയ്ക്ക് നേരെ മൂന്ന് തവണ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു. നവംബർ ഒന്നിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നിൽ നിന്നാണ് അമിതാഭ് ബച്ചൻ ആരാധകരെ അഭിവാദ്യം ചെയ്തത്.

  • Related Posts

    വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള വിഡിയോകൾ അയച്ചു; കോച്ചിങ് സെന്റർ ജീവനക്കാരി പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വാട്സാപ് വഴി ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വിഡിയോകളും അയച്ച കോച്ചിങ് സെന്റർ ജീവനക്കാരിയായ ഇരുപത്തിനാലുകാരി പിടിയിൽ. ഇവർക്കെതിരെ പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. 2026 ജൂലൈ 14നും 31നും…

    ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യം

    Spread the love

    Spread the loveഡൽഹി: 2002-ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഇവർക്ക് കോടതി ജാമ്യവും അനുവദിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *