മണ്ണിനടിയിൽ ‘ഉറങ്ങിക്കിടക്കുന്ന’ ടൺ കണക്കിന് സ്വർണം പുറത്തെടുക്കാൻ പുത്തൻ നീക്കവുമായി ഇന്ത്യ. ഇതു സംബന്ധിച്ച രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയും ചട്ടങ്ങൾ ഭേദഗതി ചെയ്തും ഖനന രംഗത്തേക്ക് കൂടുതൽ കമ്പനികളെയും നിക്ഷേപവും ആകർഷിക്കുകയാണ് ലക്ഷ്യം.
കേന്ദ്രവും അതത് സംസ്ഥാന സർക്കാരുകളും ചേർന്നാകും ചട്ടങ്ങൾ പുതുക്കുക. ഖനന പ്രദേശങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളുടെയും സർവേകളുടെയും അഭാവം, വ്യക്തമായ രൂപരേഖയില്ലാത്തത്, ഖനികളുടെ ലേല നടപടികളിലെ പോരായ്മകൾ, രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പിഴവുകൾ തുടങ്ങിയവ ഇത്രകാലം നിക്ഷേപകരെ അകറ്റിനിർത്തി. ഇതു പരിഹരിക്കുകയാണ് ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിലായി മണ്ണിനടിയിൽ ശരാശരി 600 ടൺ സ്വർണം ഉണ്ടെന്നാണ് കരുതുന്നത്. ഇതിൽ 44-45 ശതമാനവും ബിഹാറിലാണ്. 25% രാജസ്ഥാനിൽ. കർണാടക (21%), ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
പ്രതിവർഷം ശരാശരി 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സമീപകാലത്ത് സ്വർണവില വർധിച്ചതും ഇറക്കുമതി ഉയർന്ന തലത്തിൽ തുടർന്നതും ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാനിടയാക്കുകയും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. ആഭ്യന്തര ഉൽപാദനം ഉയർത്തിയാൽ ഇറക്കുമതി ഒരളവുവരെ കുറയ്ക്കാമെന്ന് കേന്ദ്രം കരുതുന്നു. ഇറക്കുമതി കുറയ്ക്കാനായി മറ്റു നിയന്ത്രണങ്ങളും കേന്ദ്രം നോക്കുന്നുണ്ട്.
ഇറക്കുമതി തീരുവ നേരത്തേ 15% ആയി കൂട്ടിയിരുന്നു. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നതു മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ആഹ്വാനവും ചെയ്തു. വീടുകളിലും മറ്റുമുള്ള സ്വർണം വിപണിയിലെത്തിക്കാനുള്ള ‘സ്വർണം പണമാക്കൽ’ പദ്ധതി വീണ്ടും ഊർജിതമാക്കിയേക്കും. നടപ്പുവർഷം ഏപ്രിൽ-ഒക്ടോബറിൽ സ്വർണം ഇറക്കുമതി 40% കുറഞ്ഞിട്ടുണ്ട്.






