പട്‌ന: ബിഹാറിൽ മന്ത്രിയുടെ സ്വകാര്യവസതിയിൽ വൻ കവർച്ച. അറുന്നൂറ് ഗ്രാം സ്വർണവും രണ്ടുകിലോഗ്രാം വെള്ളിയും ഏഴുലക്ഷം രൂപയും കവർന്നു. ഉന്നതവിദ്യാഭ്യാസ-നിയമവകുപ്പുമന്ത്രി സഞ്ജയ് ടൈഗറിന്റെ പട്‌നയിലെ വസതിയിലായിരുന്നു മോഷണം നടന്നത്.
മന്ത്രിയുടെ അനുജന്മാരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവർ എല്ലാവരും സ്വന്തംഗ്രാമത്തിലേക്ക് ഛാത്ത് ഉത്സവത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. നവംബർ 14 രാത്രിയ്ക്കും നവംബർ 15 പുലർച്ചെയുമായാണ് മോഷണം നടന്നത്.
ഞായറാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. സ്വർണത്തിനും വെള്ളിക്കും പുറമേ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. തിരിച്ചറിയാൻ കഴിയാത്ത ആളുകൾ മന്ത്രിയുടെ ഇരുനില വീട്ടിലേക്ക് കയറുന്നതിന്റെയും കവർച്ച നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.







