ഒരു ദിവസം തന്നെ ആഡംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന റോൾസ് റോയിസിന്റെ മൂന്ന് വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് ഒരു കുടുംബം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇ.വി.ഹോംസ്, ഇ.വി.ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമകളുടെ കുടുംബമാണ് മൂന്ന് റോൾസ് റോയിസ് വാഹനങ്ങൾ ഒരു ദിവസം തന്നെ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ ഉൾപ്പെടെ ഇ.വി.ഗ്രൂപ്പിന് വ്യവസായ സംരംഭങ്ങളുണ്ട്.
റോൾസ് റോയിസിന്റെ അത്യാഡംബര സെഡാൻ മോഡലായ ഫാന്റം, എസ്‌യുവി മോഡലായ രണ്ട് കള്ളിനൻ എന്നിവയാണ് ഇ.വി. ഹോംസ് ഡയറക്ടർ വിക്കി തോമസിന്റെ മകനായ ആരോൺ വിക്കി തോമസ് സ്വന്തമാക്കിയിരിക്കുന്നത്. നിരവധി കസ്റ്റമൈസേഷനുകൾ വരുത്തിയിട്ടുള്ള ഈ മൂന്ന് വാഹനങ്ങൾക്ക് കൂടി ഏകദേശം 50 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ഒറ്റദിവസത്തെ കാർ ഡെലിവറികളിൽ ഒന്നായാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കുന്നത്.
റോൾസ് റോയിസിന്റെ അത്യാഡംബര വാഹനങ്ങളിലൊന്നായ ഫാന്റത്തിന്റെ എട്ടാം തലമുറ മോഡലാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. ഫോർ കോർണർ എയർ സസ്‌പെൻഷൻ സിസ്റ്റം, അത്യാധുനിക ഷാസി കൺട്രോൾ സിസ്റ്റം തുടങ്ങി നിരവധി പ്രത്യേകതകൾ കാറിനുണ്ട്. വെള്ളയും കറുപ്പും നിറങ്ങൾ നൽകി അലങ്കരിച്ചിരിക്കുന്ന ഡ്യുവൽ ടോൺ ഫാന്റമാണ് ഇ.വി.ഹോംസ് സ്വന്തമാക്കിയിരിക്കുന്നത്.
6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുക. ഇത് 563 ബിഎച്ച്പി പവറും 900 എൻഎം ടോർക്കുമേകും. ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുഖേനയാണ് എൻജിൻ കരുത്ത് പിൻചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കൻഡുകൾകൊണ്ടുതന്നെ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. മണിക്കൂറിൽ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിവേഗ ട്രാക്കുകളിൽ വേഗം ഇതിലും കൂടും.
റോൾസ് റോയിസ് വാഹന നിരയിലെ ഏക എസ്യുവി മോഡലാണ് കള്ളിനൻ. റോൾസ് റോയിസ് വാഹനങ്ങളിൽ ഏറ്റവുമധികം ഡിമാൻഡുള്ള മോഡലായി മാറാൻ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ കള്ളിനന് സാധിച്ചിരുന്നു. 2018-ൽ പുറത്തിറങ്ങിയ ഈ വാഹനത്തിന്റെ രണ്ടാം തലമുറ പതിപ്പാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. റോൾസ് റോയിസ് കള്ളിനൻ II എന്ന പേരിൽ എത്തിയ പുതിയ മോഡലിന്റെ സ്റ്റാൻഡേർഡ് മോഡലിന് 10.50 കോടി രൂപയും ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. എന്നാൽ, കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും ഉയരും.
രണ്ടാം തലമുറയിലേക്കുള്ള മാറ്റത്തിൽ വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളിലും കുറേയേറെ പുതുമകൾ കൊണ്ടുവന്നെങ്കിലും മെക്കാനിക്കലായ മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ തയാറായിരുന്നില്ല. മുൻ മോഡലിൽ കരുത്തേകിയിരുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി 12 എൻജിനാണ് പുതിയ പതിപ്പിലും നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡൽ 571 ബി.എച്ച്.പി. പവറും 850 എൻ.എം. ടോർക്കുമേകുമ്പോൾ ബ്ലാക്ക് ബാഡ്ജ് പതിപ്പ് 600 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് നൽകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.







