പുൽപള്ളി ∙ കബനിപ്പുഴയ്ക്കു കുറുകെ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്ത ബൈരക്കുപ്പപാലം നിർമാണത്തിനു മുന്നോടിയായുള്ള മണ്ണുപരിശോധന പെരിക്കല്ലൂർ കടവിലാരംഭിച്ചു. പാലത്തിന്റെ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നതിനാണു മണ്ണിന്റെ ഘടന കണ്ടെത്താൻ പരിശോധന നടത്തുന്നത്. മണ്ണിന്റെ ഘടന, പാറയുടെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങൾ പരിശോധനയിൽ കണ്ടെത്താനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.വി.സുഹൈൽ, ഓവർസീയർമാരായ കെ.കെ.പ്രണവ്, ഇ.എം.രാജീവ് രാജീവ് എന്നിവരുടെ മേൽനോട്ടത്തിലാണു പരിശോധന. 32 വർഷം മുൻപു തറക്കില്ലിട്ട പാലംനിർമാണം അനിശ്ചിതമായി നീണ്ടുപോവുകയും ഇപ്പോൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെയും കേരള, കർണാടക സർക്കാരുകളുടെയും അനുമതിയും ഫണ്ടും ലഭിച്ച സാഹചര്യത്തിലാണു പാലം നിർമാണം ആരംഭിക്കാനുള്ള നടപടികളാരംഭിച്ചത്. പരിശോധനകൾ പൂർത്തീകരിച്ചാൽ ഉടൻ ടെൻഡർ വിളിച്ച് അടുത്തമാസം ശിലാസ്ഥാപനം നടത്താനാണ് മരാമത്ത് വകുപ്പിന്റെ ഉദ്ദേശം.
പാലം യാഥാർഥ്യമായാൽ ദീർഘകാലമായി ഉള്ള നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും. പുൽപ്പള്ളി, ബത്തേരി, കൽപറ്റ, കോഴിക്കോട് ഭാഗങ്ങളുമായി മൈസൂരുവിനെയും ബെംഗളൂരുവിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബദൽ പാതയായി പാലം പ്രവർത്തിക്കും. നിലവിൽ ദേശീയപാത 766 ൽ ബന്ദിപ്പൂർ വനമേഖലയിൽ നിലവിലുള്ള രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടന്ന് ഗതാഗതം സുഗമമാക്കാനും സഹായകമാകും. ബെംഗളുരുവിനും ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുന്നതോടൊപ്പം യാത്രാ സമയം ലാഭിക്കാൻ കഴിയും.
ബൈരക്കുപ്പപാലം
കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന അന്തർ സംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും മൈസൂരു ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 36 വർഷം മുൻപാണ് പാലം നിർമാണത്തിന് തറക്കല്ലിട്ടത്. തുടർന്ന് 2002 മാർച്ച് 15 ന് കേന്ദ്ര ഷിപ്പിങ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകി. കേരളത്തിന്റെ ഭാഗത്ത് നിന്നുള്ള അപ്രോച്ച് റോഡ് ഇതിനകം പൂർണമായും പൂർത്തിയായിട്ടുണ്ട്.







