കൊച്ചി ∙ സൈബർ തട്ടിപ്പുകാർക്ക് ‘പണപ്പെട്ടി തുറന്നുവച്ച്’ കേരളം. വ്യാജ ആപ്പുകളിൽ ക്ലിക് ചെയ്തും തട്ടിപ്പ് ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിച്ചും കോടികളാണ് മലയാളികൾ ഓരോ ദിവസവും തട്ടിപ്പുകാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കൊച്ചി കളമശേരി സ്വദേശിയായ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടപ്പെട്ട സംഭവം. പ്രശസ്തമായ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ‘33കാരി ഗൗതമി നായർ’ പറഞ്ഞതു കേട്ട് ഡോക്ടർ നിക്ഷേപിച്ച പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ, ദുബായിൽ ജോലി ചെയ്യുന്ന കുന്നത്തുനാട് സ്വദേശിക്ക് 2.11 കോടി രൂപ നഷ്ടപ്പെട്ട വിവരം അടുത്തിടെ പുറത്തുവന്നിരുന്നു.
ഓൺലൈൻ ഡേറ്റിങ് ആപ് വഴിയാണ് 47കാരനായ ഡോക്ടർ പാലക്കാട്ടുകാരിയായ യുവതിയെ പരിചയപ്പെട്ടത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ കമ്പനിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി വ്യാജ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുകയായിരുന്നു. ഇതിൽ നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ അമിത ലാഭം നേടാമെന്നും വിശ്വസിപ്പിച്ചു.
2025 ഒക്ടോബർ 16 മുതൽ 2025 ഡിസംബർ 31 വരെയാണ് തട്ടിപ്പ് അരങ്ങേറിയത്. പല തവണകളായി പരാതിക്കാരന്റെ ഇടപ്പള്ളിയിലെ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും ഭാര്യയുടെ രവിപുരത്തെ ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്നും യുവതി ആവശ്യപ്പെട്ട പ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നു. ഇങ്ങനെ മൂന്നു മാസത്തിനിടെ ഡോക്ടർ ആകെ അയച്ചുനൽകിയത് 1.57 കോടി രൂപ. ഇതു മുഴുവൻ നഷ്ടമായി.
നിക്ഷേപിച്ച തുകയും അതിനുള്ള ലാഭവിഹിതവും ഡോളറിന്റെ കണക്കിൽ വ്യാജ ആപ്ലിക്കേഷനിൽ കാണിച്ചാണ് യുവതി പരാതിക്കാരനെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ വലിയ തുക നിക്ഷേപിച്ചിട്ടും പണമോ ലാഭവിഹിതമോ തിരികെ നൽകാതെ വന്നതോടെ സംഭവം തട്ടിപ്പാണെന്ന് ഡോക്ടർക്ക് മനസിലാവുകയായിരുന്നു. തുടർന്ന് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കളമശേരി പൊലീസ് കേസെടുത്തു. ബിഎൻഎസിലെ 316(2) (വിശ്വാസവഞ്ചന), 318(4) (ചതിക്കലും അനധികൃതമായി സ്വത്ത് സമ്പാദനവും) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അടുത്തിടെ, കുന്നത്തുനാട് സ്വദേശിക്ക് 2.11 കോടി രൂപ ഓൺലൈൻ ഓഹരി ട്രേഡിങ്ങിന്റെ പേരിൽ നടന്ന തട്ടിപ്പിൽ നഷ്ടപ്പെട്ടിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇന്റർനെറ്റിൽ കണ്ട ഒരു അംഗീകൃത ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് എന്നു തോന്നിപ്പിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് അമിതലാഭം വാഗ്ദാനം ചെയ്ത് കോടികൾ നിക്ഷേപിപ്പിക്കുകയായിരുന്നു.






