അബുദാബി∙ തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലിലുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട എട്ട് പേരുടെ തടവുശിക്ഷ അബുദാബി കോടതി ഒഴിവാക്കി. കക്ഷികൾ തമ്മിലുള്ള അനുരഞ്ജന കരാറിന്റെ അടിസ്ഥാനത്തിലാണ് തടവുശിക്ഷയ്ക്ക് പകരം ഓരോരുത്തർക്കും 1,50,000 ദിർഹം വീതം പിഴ ചുമത്തിയത്. തുടർന്ന് ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
ഹോട്ടലിൽ പരസ്യമായ സംഘർഷമുണ്ടാക്കുകയും പൊതുസമാധാനം തകർക്കുകയും സംഘർഷം ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. അബുദാബിയിൽ നടന്ന ഒരു ഗുസ്തി മത്സരത്തിന് മുന്നോടിയായി പ്രമുഖ താരങ്ങളുടെയും സംഘത്തിന്റെയും സാന്നിധ്യത്തിലുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു സംഭവം. ഈ മാസം 12ന് സംഭവത്തിൽ ഉൾപ്പെട്ടവരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.








