‘വേർപിരിഞ്ഞിട്ടില്ല, ലിവിങ് ടുഗെതർ മതിയായിരുന്നുവെന്ന് തോന്നാറുണ്ട്’; തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ

Spread the love

തെന്നിന്ത്യയിലെ കരുത്തുറ്റ അഭിനേത്രികളിലൊരാളാണ് രമ്യ കൃഷ്ണൻ. സംവിധായകൻ കൃഷ്ണ വംശിയുമായുള്ള രമ്യയുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് അടുത്തകാലത്തായി പ്രചരിച്ച വിവാഹമോചന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അത്തരം വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തങ്ങൾ വേർപിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും നൂറ് ശതമാനവും വിവാഹിതരാണെന്നും വ്യക്തമാക്കിയ രമ്യ, രണ്ട് നഗരങ്ങളിലായി താമസിക്കുന്നതിന്റെ കാരണവും വെളിപ്പെടുത്തി. വിവാഹത്തെക്കുറിച്ചും ലിവിങ് ടുഗെതറിനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളും താരം പങ്കുവച്ചു.

 

‘ഞങ്ങൾ ഇപ്പോഴും നൂറ് ശതമാനവും വിവാഹിതരാണ്’

 

‘റോ ടോക്‌സ് വിത്ത് വി.കെ.’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണൻ. താനും കൃഷ്ണ വംശിയും രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നതെങ്കിലും സന്തോഷത്തോടെയും സൗകര്യപ്രദമായും ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് താരം പറഞ്ഞു. ‘ഞങ്ങൾ നൂറ് ശതമാനവും ഇപ്പോഴും വിവാഹിതരാണ്. എന്നാൽ, വളരെ സൗകര്യപ്രദമായും സന്തോഷത്തോടെയും രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ കഴിയുന്നത്. മകൻ വളർന്നുവരുന്ന സമയത്താണ് ഞാൻ ഒരു ടെലിവിഷൻ പരിപാടിയിൽ അഭിനയിക്കാൻ തുടങ്ങിയത്.’ രമ്യ പറഞ്ഞു.

 

അന്ന് കുടുംബം ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത്. ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണത്തിനായി രമ്യയ്ക്ക് ഇടയ്ക്കിടെ ചെന്നൈയിലേക്ക് പോകേണ്ടിവന്നു. ഓരോ 15 ദിവസം കൂടുമ്പോഴും ചെന്നൈയിലെത്തി ജോലി പൂർത്തിയാക്കി ഹൈദരാബാദിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്. എന്നാൽ, ഓരോ തവണയും താൻ ഷൂട്ടിങ്ങിനായി പോകുമ്പോൾ മകന് അസുഖം വരുമായിരുന്നുവെന്ന് താരം ഓർത്തെടുത്തു.

 

തെലങ്കാന പ്രക്ഷോഭത്തിന്റെ സമയത്ത് പണിമുടക്കുകളും സമരങ്ങളും കാരണം സ്‌കൂളുകൾ അടച്ചിടുന്ന സാഹചര്യമുണ്ടായി. ഇത് മകന്റെ പഠനത്തെയും കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെയും ബാധിച്ചു. യാത്രകളും ജോലിയും മകന്റെ ആരോഗ്യപ്രശ്‌നങ്ങളും ഒരുപോലെ ബുദ്ധിമുട്ടായതോടെയാണ് അവനെ ചെന്നൈയിലെ സ്‌കൂളിൽ ചേർക്കാൻ രമ്യ തീരുമാനിച്ചത്. ‘ഒടുവിൽ ഞാൻ ഒരു നിർദേശം മുന്നോട്ടുവച്ചു. മകനെ ചെന്നൈയിലെ സ്‌കൂളിൽ ചേർക്കാമെന്ന് പറഞ്ഞു. അത് പിന്നീട് ഞങ്ങൾ രണ്ടുപേർക്കും കൂടുതൽ സൗകര്യമായി. എപ്പോഴും വഴക്കിടുന്നതിനു പകരം ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഞങ്ങളുടെ ദാമ്പത്യം ഇപ്പോഴും തുടരുന്നത്.’ ചിരിച്ചുകൊണ്ട് രമ്യ പറഞ്ഞു.

 

‘ലിവിങ് ടുഗെതർ മതിയായിരുന്നുവെന്ന് ചിലപ്പോൾ തോന്നും’

 

വിവാഹം ഒരു ബന്ധത്തിൽ അനാവശ്യമായി പ്രാധാന്യം നേടുന്നുണ്ടോ എന്ന ചോദ്യത്തിനും രമ്യ മറുപടി നൽകി. വിവാഹം എന്നത് അമിതമായി മഹത്വവൽക്കരിക്കപ്പെടുന്ന ഒരു സ്ഥാപനമാണെന്നാണ് തന്റെ അഭിപ്രായമെന്ന് താരം പറഞ്ഞു. ആവശ്യമെന്ന് തോന്നുമ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതിയെന്നും രമ്യ കൂട്ടിച്ചേർത്തു.

 

‘ചിലപ്പോഴൊക്കെ ഒരു ബന്ധത്തിന്റെ കാര്യത്തിൽ വിവാഹത്തിന് അനാവശ്യമായി പ്രാധാന്യം നൽകുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ആവശ്യമാണെന്ന് തോന്നുമ്പോൾ മാത്രം നടക്കേണ്ട ഒന്നാണ് വിവാഹം. വംശി എപ്പോഴും ചോദിക്കുമായിരുന്നു, എന്തിനാണ് വിവാഹം കഴിക്കുന്നത്, നമുക്ക് ഒരുമിച്ച് താമസിച്ചാൽ പോരേ എന്ന്. ലിവിങ് ടുഗെതർ മതിയല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അന്ന് അതിന് സമ്മതിച്ചാൽ മതിയായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.’ തമാശയായി രമ്യ പറഞ്ഞു.

 

വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും അതിൽ കുടുംബങ്ങളും ചുറ്റുമുള്ള ആളുകളും ഉൾപ്പെടുന്നുണ്ടെന്നും താരം വിശദീകരിച്ചു. അതുകൊണ്ടുതന്നെ പങ്കാളിയുമായുള്ള ബന്ധത്തേക്കാൾ കൂടുതൽ വിവാഹബന്ധത്തോടും അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളോടും ഉത്തരവാദിത്വം പുലർത്തേണ്ട സാഹചര്യമുണ്ടാകുമെന്നും രമ്യ പറഞ്ഞു. ‘ആ വ്യക്തിയുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഒരു പ്രത്യേക രീതിയിൽ മുന്നോട്ടുപോകുന്ന ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്ക് മാത്രമാണ് വിവാഹം.’ എന്നായിരുന്നു രമ്യയുടെ വാക്കുകൾ.

 

വിവാഹമോചന അഭ്യൂഹങ്ങളോട് കൃഷ്ണ വംശിയും പ്രതികരിച്ചിരുന്നു

 

രമ്യയും കൃഷ്ണ വംശിയും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ നേരത്തെയും പ്രചരിച്ചിരുന്നു. 2024 ഒക്ടോബറിൽ ഒരു അഭിമുഖത്തിൽ കൃഷ്ണ വംശിതന്നെ ഇത്തരം വാർത്തകളോട് പ്രതികരിച്ചിരുന്നു. ഇരുവരും രണ്ട് നഗരങ്ങളിലായി താമസിക്കുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.രമ്യ ചെന്നൈയിലും താൻ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുമാണ് കഴിയുന്നതെന്ന് കൃഷ്ണ വംശി പറഞ്ഞു. വിവാഹമോചന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെക്കുറിച്ച് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ ഇടപെടാനുള്ള പ്രവണതയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

 

പൊതുപരിപാടികളിലും കുടുംബചടങ്ങുകളിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ടെന്നും എന്നാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ താൽപര്യമില്ലെന്നും കൃഷ്ണ വംശി അന്ന് പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം എങ്ങനെയാണെന്ന് തങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രമ്യ വളരെ തമാശക്കാരിയാണെന്നും മറ്റുള്ളവരെ ഏറെ സ്‌നേഹിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും കുടുംബത്തെ നന്നായി നോക്കുന്നയാളാണെന്നും കൃഷ്ണ വംശി അന്ന് പറഞ്ഞിരുന്നു. രമ്യയുടെ ബുദ്ധിശക്തിയെയും അദ്ദേഹം പ്രശംസിച്ചിരുന്നു.

 

2003-ൽ വിവാഹം; സിനിമയിൽ ഒരുമിച്ചും പ്രവർത്തിച്ചു

 

പ്രണയിച്ചാണ് രമ്യ കൃഷ്ണനും കൃഷ്ണ വംശിയും വിവാഹിതരായത്. 2003-ലായിരുന്നു വിവാഹം. ഇരുവർക്കും ഋത്വിക് വംശി എന്ന മകനുണ്ട്. 2005-ലാണ് മകൻ ജനിച്ചത്. 1998-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ചന്ദ്രലേഖ’യിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീട് ‘ശ്രീ ആഞ്ജനേയം’, ‘രംഗ മാർത്താണ്ഡ’ തുടങ്ങിയ സിനിമകളിലും ഒന്നിച്ചു. 1983-ൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസു’ എന്ന ചിത്രത്തിലൂടെയാണ് രമ്യ കൃഷ്ണൻ അഭിനയരംഗത്തേക്ക് എത്തിയത്. ‘നേരം പുലരുമ്പോൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. യാഷ് ചോപ്രയുടെ ‘പരമ്പര’യിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിനയജീവിതത്തിൽ ഇരുനൂറിലധികം സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന രമ്യയുടെ പുതിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

  • Related Posts

    മകളുടെ മരണവും ചെരുപ്പിടില്ലെന്ന വിജയ് ആന്റണിയുടെ തീരുമാനവും; ഇന്നും ധരിക്കുന്നത് അവളുടെ വാച്ച്; പൊട്ടിക്കരഞ്ഞ് ഭാര്യ

    Spread the love

    Spread the loveസംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ മരണം സിനിമാലോകത്തേയും ആരാധകരെ ഇന്നും വേദനിപ്പിക്കുന്നതാണ്. മകളുടെ മരണത്തില്‍ നിന്നും വിജയ് ആന്റണി ഇന്നും മുക്തനായിട്ടില്ലെന്നതാണ് വാസ്തവം. മകളുടെ മരണ ശേഷം വിജയ് ആന്റണി ചെരുപ്പ് ഉപേക്ഷിച്ചതിനെക്കുറിച്ചും മകളുടെ വാച്ച്…

    ‘ആരതിയെ ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു, ചെറിയ സൗന്ദര്യപ്പിണക്കം മാത്രം’; ഡിവോഴ്‌സ് വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി റോബിന്‍

    Spread the love

    Spread the loveതാനും ആരതി പൊടിയും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി റോബിന്‍ രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പങ്കുവെക്കുകയാണ് ബിഗ് ബോസ് താരം. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്റെ വിശദീകരണം. ആ വാക്കുകളിലേക്ക്:   ”ഇതൊക്കെ…

    Leave a Reply

    Your email address will not be published. Required fields are marked *