നിലമ്പൂർ: ബാങ്കിൽനിന്ന് പണവുമായി പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. പണം തട്ടിയെടുത്തത് പണത്തിന്റെ യഥാർഥ ഉടമകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പണം കൈമാറുന്നതിനുള്ള ഏജന്റ് മാത്രമായിരുന്നു ആക്രമിക്കപ്പെട്ട ഫിറോസ്. പണവുമായി ഇയാൾ മുങ്ങാൻ ശ്രമിക്കുമെന്ന സംശയത്തെ തുടർന്നാകാം ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അനധികൃത ഓൺലൈൻ വ്യാപാരത്തിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ലഭിക്കുന്ന പണം ഔദ്യോഗികമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
ബാങ്ക് അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപ നൽകുമ്പോൾ ബാങ്കിൽനിന്ന് പണം പിൻവലിച്ച് കൈമാറുന്നതിന് ഫിറോസിന് 3,000 രൂപ ലഭിക്കുമായിരുന്നു. പണവുമായി പുറത്തിറങ്ങിയ ഫിറോസ് ഉടമകളെ കണ്ടതോടെ വീണ്ടും ബാങ്കിലേക്ക് കയറുകയായിരുന്നു. പിന്നീട് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ബാങ്കിന് സമീപം ആക്രമണമുണ്ടായത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണം പൊട്ടിക്കൽ സംഘങ്ങളുടെ പ്രവർത്തനവുമായി സാമ്യമുള്ള രീതിയിലാണ് സംഭവമെന്നും പോലീസ് കരുതുന്നു. പന്ത്രണ്ടോളം പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് സൂചന.
അതിനിടെ കേസിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫി (23) ആണ് പിടിയിലായത്. ഫിറോസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അക്രമിസംഘത്തിന് വിവരങ്ങൾ കൈമാറിയത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ചൊവ്വാഴ്ച (17-11-26 )പുലർച്ചെ ഒരുമണിയോടെ കൊടക്കാടുള്ള വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നിലമ്പൂർ സി.ഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് നടപടി സ്വീകരിച്ചത്.






