കോഴിത്തീറ്റയുടെ വില കൂടുമ്പോൾ പ്രതിസന്ധിയിലാകുന്നത് കോഴിവളർത്തൽ മേഖല മാത്രമല്ല രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും കൂടിയാണ്. ലോകത്തിലെ പ്രധാന കാർഷിക ഉൽപ്പാദക രാജ്യങ്ങളിലൊന്നാണ് നമ്മൾ. എന്നിട്ടും കോഴിത്തീറ്റയുടെ പ്രധാന അസംസ്കൃത വസ്തുക്കളായ ചോളത്തിന്റെയും സോയാബീനിന്റെയും ലഭ്യത ഉറപ്പാക്കാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം നിലവിൽ ശക്തമാകുകയാണ്.
ചോളത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
കോഴിത്തീറ്റയിലെ പ്രധാന ഊർജസ്രോതസ്സാണ് ചോളം (Maize). ബ്രോയിലർ, ലെയർ തീറ്റകളിൽ ഏകദേശം 50–65 ശതമാനം വരെ ചോളം ഉപയോഗിക്കാറുണ്ട്. തീറ്റയുടെ ഊർജമൂല്യം ഉറപ്പാക്കുന്നതിൽ ചോളത്തിന് വലിയ പങ്കുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചോളത്തിന്റെ വിപണിയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒരുകാലത്ത് കോഴിത്തീറ്റയുടെ പ്രധാന ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ചോളം ഇപ്പോൾ മറ്റു വ്യവസായ മേഖലകളുടെയും പ്രധാന അസംസ്കൃത വസ്തുവായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് എഥനോൾ ഉൽപ്പാദനത്തിനായി ചോളം വലിയ തോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ അതിന്റെ ആവശ്യകത വർധിച്ചു. സ്റ്റാർച്ച് വ്യവസായം, ഭക്ഷ്യസംസ്കരണം, കന്നുകാലിത്തീറ്റ തുടങ്ങിയ മേഖലകളിലും ചോളത്തിന് ആവശ്യക്കാരേറെയാണ്. ഇതോടെ കോഴിത്തീറ്റ നിർമ്മാതാക്കളും മറ്റു വ്യവസായങ്ങളും ഒരേ അസംസ്കൃത വസ്തുവിനായി മത്സരിക്കുന്ന സാഹചര്യമുണ്ടായി.
2026-ലെ ഖാരിഫ് സീസണിൽ ചോളത്തിന്റെ ഉൽപ്പാദനം കുറയുമെന്ന വിലയിരുത്തലും വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. 2026 നവംബർ ആദ്യവാരത്തിലെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിലെ ഖാരിഫ് ചോളം ഉൽപ്പാദനം ഏകദേശം 232 ലക്ഷം ടണ്ണായി കുറയുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ പ്രതിഫലനം വിപണിവിലയിലും പ്രകടമാണ്. ഒക്ടോബർ 29-ന് തെലങ്കാനയിലെ വാറങ്കൽ വിപണിയിൽ ചോളവില ക്വിന്റലിന് 3,255 രൂപയിലെത്തി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ചില വിപണികളിൽ 3,400–3,450 രൂപ വരെയും വില ഉയർന്നു.
ഇന്ത്യ ചോളം ഇറക്കുമതി ചെയ്യാൻ തയ്യാറെടുക്കുകയാണോ?
മ്യാൻമറിൽ നിന്ന് 1.04 ലക്ഷം ടൺ ചോളം 2026 നവംബർ–ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലെത്തിക്കുന്നതിനുള്ള കരാറുകൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. മുൻ സാമ്പത്തിക വർഷം ഇന്ത്യയുടെ ആകെ ചോളം ഇറക്കുമതി ഏകദേശം 59,000 ടൺ മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇറക്കുമതി ചെയ്ത ചോളം ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ആഭ്യന്തര വിലയിലെ സമ്മർദം കുറയുമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ ഇറക്കുമതി തീരുവ, കപ്പൽഗതാഗത ചെലവ്, തുറമുഖ ചെലവ്, ആഭ്യന്തര ഗതാഗതച്ചെലവ് എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
സോയാബീൻ ഇറക്കുമതി ചെയ്യുന്നുണ്ടോ?
കോഴിത്തീറ്റയിലെ പ്രധാന പ്രോട്ടീൻ സ്രോതസ്സാണ് സോയാബീൻ മീൽ അഥവാ സോയാബീൻ പിണ്ണാക്ക് (Soybean Meal / DOC). സോയാബീൻ സംസ്കരിച്ചാണ് സോയാബീൻ ഓയിലും പ്രോട്ടീൻ സമ്പുഷ്ടമായ പിണ്ണാക്കും ലഭിക്കുന്നത്. കോഴിയുടെ വളർച്ചയ്ക്കും മുട്ട ഉൽപ്പാദനത്തിനും ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കുന്നതിൽ ഇതിന് നിർണായക പങ്കുണ്ട്. ഇന്ത്യയിൽ സോയാബീൻ ഉൽപ്പാദനം ഉണ്ടായിട്ടും ആഭ്യന്തര ലഭ്യതയും വിപണിവിലയും പ്രതിസന്ധിയിലായതോടെ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്.
സോയാബീൻ പ്രോസസേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (SOPA) കണക്കുകൾ ഉദ്ധരിച്ച് 2026 ഒക്ടോബർ 28-ന് പുറത്തുവന്ന Reuters റിപ്പോർട്ട് പ്രകാരം, 2025–26 മാർക്കറ്റിംഗ് വർഷത്തിൽ ഇന്ത്യ ഏകദേശം 11 ലക്ഷം ടൺ സോയാബീൻ ഇറക്കുമതി ചെയ്തു. എന്നാൽ മുൻ വർഷം ഇറക്കുമതി ചെയ്തത് വെറും 2,000 ടൺ മാത്രമായിരുന്നു! നൈജർ, ബെനിൻ, ടോഗോ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും സോയാബീൻ എത്തുന്നത്. ഇന്ത്യയുടെ ഇറക്കുമതി നയപ്രകാരം ജനിതകമാറ്റം വരുത്താത്ത (Non-GM) സോയാബീനാണ് അനുവദിക്കുന്നത്.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇറക്കുമതി ചെയ്യുന്നത് മുഴുവൻ സോയാബീൻ വിത്തുകളാണ്. ഇവ ഇന്ത്യയിൽ സംസ്കരിച്ചാണ് സോയാബീൻ ഓയിലും പിണ്ണാക്കും ലഭിക്കുന്നത്. അതേസമയം, സോയാബീൻ മീൽ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് കോഴിത്തീറ്റ നിർമ്മാതാക്കൾ സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഈ പ്രതിസന്ധി?
പ്രധാനമായും മൂന്ന് കാരണങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
1. കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനത്തിലെ അനിശ്ചിതത്വവും
El nino പ്രതിഭാസം മൂലം മഴയുടെ ലഭ്യതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, വരൾച്ച, തുടങ്ങിയവ ചോളം, സോയാബീൻ കൃഷികളെ ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൃഷിനാശവും ഉൽപ്പാദനത്തിലെ കുറവും ആഭ്യന്തര ലഭ്യതയെ ബാധിച്ചു.
2. എഥനോൾ ഉൽപ്പാദനത്തിനുള്ള ചോളത്തിന്റെ ഉപയോഗം
പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതിയുടെ ഭാഗമായി ചോളത്തിനുള്ള വ്യാവസായിക ആവശ്യകത വർധിച്ചു. ഇന്ധന ഉൽപ്പാദനത്തിനും ഭക്ഷ്യ-കാലിത്തീറ്റ ആവശ്യങ്ങൾക്കും ഒരേ കാർഷിക ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ അതിന്റെ ലഭ്യതയിലും വിലയിലും സമ്മർദമുണ്ടാകുന്നു.
3. ആവശ്യകതയിലെ വർധനവ്
ഇന്ത്യയിലെ കോഴിവളർത്തൽ മേഖല അതിവേഗം വളരുകയാണ്. മുട്ടയുടെയും കോഴിയിറച്ചിയുടെയും ഉപഭോഗം വർധിക്കുന്നതോടെ തീറ്റയുടെ ആവശ്യകതയും കൂടുന്നു. എന്നാൽ തീറ്റയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഉൽപ്പാദനം അതിനനുസരിച്ച് സ്ഥിരതയോടെ വർധിക്കാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
കോഴിവളർത്തൽ മേഖലയെ എങ്ങനെ ബാധിക്കുന്നു?
കോഴിവളർത്തലിൽ ഉൽപ്പാദനച്ചെലവിന്റെ ഏറ്റവും വലിയ പങ്ക് തീറ്റയ്ക്കാണ്. ബ്രോയിലർ, ലെയർ ഫാമുകളിൽ ഉൽപ്പാദനച്ചെലവിന്റെ ഏകദേശം 65–70 ശതമാനം വരെ തീറ്റച്ചെലവാണ്. ചോളത്തിന്റെയും സോയാബീൻ പിണ്ണാക്കിന്റെയും വില വർധിക്കുമ്പോൾ തീറ്റ നിർമ്മാണച്ചെലവ് വർധിക്കുന്നു. ഇത് ചെറുകിട കർഷകരുടെ ലാഭത്തെ നേരിട്ട് ബാധിക്കുന്നു.
2026 ജൂലൈയിലെ റിപ്പോർട്ടുകൾ പ്രകാരം കോഴിത്തീറ്റയുടെ വില ഒരു വർഷത്തിനിടെ ക്വിന്റലിന് ഏകദേശം 3,600 രൂപയിൽ നിന്ന് 4,400 രൂപയിലേക്ക് ഉയർന്നിരുന്നു. തീറ്റവില വർധനവ് കർഷകർക്ക് മാത്രം ബാധകമായ പ്രശ്നമല്ല. മുട്ടയുടെയും കോഴിയിറച്ചിയുടെയും വിലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.
ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി:
ചോളം, സോയാബീൻ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുകയും വേണം. അതേസമയം കോഴിത്തീറ്റ വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ന്യായമായ വിലയിൽ ലഭ്യമാക്കുകയും വേണം. ആവശ്യമായ സാഹചര്യങ്ങളിൽ നിയന്ത്രിതമായും ശാസ്ത്രീയമായും ഇറക്കുമതി അനുവദിക്കുന്നത് പരിഗണിക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയും സംഭരണ-വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് കൂടുതൽ പ്രായോഗികമായ പരിഹാരം.
കോഴിവളർത്തൽ മേഖലയുടെ വളർച്ചയും സ്ഥിരതയും ഉറപ്പാക്കണമെങ്കിൽ കോഴികളെ വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ മറിച്ച് അവയ്ക്ക് ആവശ്യമായ തീറ്റയുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കണം. കോഴിവളർത്തലിന്റെ സാമ്പത്തിക അടിത്തറ തന്നെ തീറ്റയുടെ ലഭ്യതയിലും വിലയിലുമാണ്.






