തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ നിർണായക നിർദ്ദേശങ്ങളുമായി എക്സൈസ് വകുപ്പ്. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി പുതിയ ബാർ ലൈസൻസുകൾ ചുരുക്കാനാണ് എക്സൈസ് വകുപ്പിന്റെ സുപ്രധാന നിർദ്ദേശം. ത്രീ സ്റ്റാർ ബാറുകൾക്ക് ഇനിമുതൽ പുതിയ ലൈസൻസുകൾ ഉണ്ടാകില്ല. അതേസമയം, നിലവിലുള്ള ബാറുകളുടെ ലൈസൻസ് പുതുക്കി നൽകാനാണ് തീരുമാനം. ബെവ്കോയെ അടിമുടി മാറ്റി ഡിജിറ്റലൈസ് ചെയ്യാനും യു.ഡി.എഫ്. സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പദ്ധതിയുണ്ട്. ഉടൻ തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കും.
മുൻ യു.ഡി.എഫ്. സർക്കാരുകളുടെ അനുഭവങ്ങൾ ഉൾക്കൊണ്ടാണ് പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നത്. മദ്യനയത്തിന്റെ കരട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനിരിക്കെയാണ് ഈ നിർണായക നിർദ്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്. ബാറുകളുടെ നിലവിലുള്ള സമയക്രമത്തിലും മാറ്റങ്ങൾ ഉണ്ടാകും. ബെവ്കോ ആപ്പിലെ ക്രമക്കേടുകൾ തടയുന്നതിനായി സോഫ്റ്റ്‌വെയറിൽ അടക്കം മാറ്റങ്ങൾ വരുത്തുന്ന കാര്യം പരിഗണനയിലുണ്ട്. പുതിയ ഔട്ട്‌ലെറ്റുകൾ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും, ഔട്ട്‌ലെറ്റുകളിൽ മദ്യം വിൽക്കുന്ന രീതികളിൽ പരിഷ്കരണങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള കർശന നടപടികളും പുതിയ നയത്തിലുണ്ട്. ബാറിലെത്തി മദ്യപിച്ച് മടങ്ങുന്നവർ വാഹനമോടിക്കുന്നത് തടയേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമായിരിക്കുമെന്നതാണ് പുതിയ മദ്യനയത്തിലെ മറ്റൊരു പ്രധാന നിർദ്ദേശം. മദ്യവിരുദ്ധ സമിതികൾ, മുൻ എക്സൈസ് മന്ത്രിമാർ, ബാർ ഓണേഴ്സ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കരട് തയ്യാറാക്കിയത്. യു.ഡി.എഫ്. യോഗത്തിലെ വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും നയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.






