കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ബുധനാഴ്ച (നവംബർ 18) രാവിലെ ആറുമണിയോടെ കോഴിക്കോട് നോർത്ത് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപമാണ് നവജാത പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രഭാതനടത്തത്തിന് എത്തിയവരാണ് മണലിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. ദൂരെനിന്ന് കണ്ടപ്പോൾ കളിപ്പാട്ടമോ ബൊമ്മയോ ആണെന്നാണ് ഇവർ കരുതിയത്. എന്നാൽ സംശയം തോന്നി സുരക്ഷാ ജീവനക്കാരും നാട്ടുകാരും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി പോലും വേർപെടാത്ത നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കടൽത്തീരത്ത് തിരമാലകൾ എത്താത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത് എന്നതിനാൽ കടലിൽ നിന്ന് കരയ്ക്കടിഞ്ഞതല്ലെന്നും ആരോ മനഃപൂർവം ഉപേക്ഷിച്ചതാണെന്നും പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പുലർച്ചെ മൂന്നര വരെ ബീച്ചിൽ പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഉണ്ടായിരുന്നു. ഇതിന് ശേഷമുള്ള സമയത്താകാം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായ സാഹചര്യത്തിൽ, പ്രസവശേഷം മൃതദേഹം രഹസ്യമായി ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കുഞ്ഞിന്റെ അമ്മയെയും മൃതദേഹം ഉപേക്ഷിക്കാൻ എത്തിയവരെയും കണ്ടെത്തുന്നതിനായി ബീച്ച് പരിസരത്തെയും സമീപ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ, സമീപകാലത്ത് പ്രസവത്തിനായി എത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.






