കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ കാണാതായവരിൽ 2,891 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. 2016 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 1,17,733 പേരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചു. ഇതിൽ 1,14,842 പേരെ കണ്ടെത്താനായെങ്കിലും ശേഷിക്കുന്ന 2,891 പേരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
കാണാതായവരിൽ ശേഷിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ, അവർ ജീവിച്ചിരിപ്പുണ്ടോ, മരിച്ചിട്ടുണ്ടോ, അതോ മറ്റെന്തെങ്കിലും സാഹചര്യത്തിലാണോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷ ആദ്യം ക്രൈം റെക്കോർഡ്സ് ബ്യൂറോ നിരസിച്ചിരുന്നു. വിവരാവകാശ നിയമത്തിലെ വകുപ്പ് 24 പ്രകാരം സ്ഥാപനം നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നായിരുന്നു വിശദീകരണം. തുടർന്ന് മനുഷ്യാവകാശ ലംഘനവും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഒഴിവാക്കലിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയെങ്കിലും അതും തള്ളി.
ഒടുവിൽ വിവരാവകാശ കമ്മിഷനെ സമീപിച്ചതിനെത്തുടർന്നാണ് കണ്ടെത്താനാകാത്തവരുടെ എണ്ണമെങ്കിലും പുറത്തുവന്നത്. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. പോലീസ് കസ്റ്റഡി മർദനങ്ങളും മരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സമാനമായി നിഷേധിച്ചിട്ടുണ്ടെന്നും ഇതിനെതിരായ അപ്പീൽ വിവരാവകാശ കമ്മിഷന്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2,891 പേരുടെ തിരോധാനത്തിന് പിന്നിലെ സാഹചര്യങ്ങൾ എന്താണെന്ന ചോദ്യവും ഇതോടെ വീണ്ടും ഉയരുകയാണ്.






