മൂന്നാർ( ഇടുക്കി)∙ വീട് തകർത്ത് അകത്തു കയറിയ കാട്ടാന പടയപ്പയുടെ മുൻപിൽപെട്ട തൊഴിലാളി ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിൽ ന്യൂ ഡിവിഷനിൽ സൂട്ടു സ്വാമി (60), ഭാര്യ ജയപാർവതി (55)എന്നിവർ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിൽ ഇന്നലെ പുലർച്ചെ 4നാണ് സംഭവം.
മുൻവശത്തെ മുറിയിലാണ് സൂട്ടു സ്വാമി ഉറങ്ങിയിരുന്നത്. പടയപ്പ തുമ്പിക്കൈ കൊണ്ട്, സൂട്ടു സ്വാമി ഉടുത്തിരുന്ന കൈലിയിലും കമ്പിളിയിലും പിടിച്ചു വലിച്ചു. ഞെട്ടിയെഴുന്നേറ്റ സൂട്ടു സ്വാമി തൊട്ടുമുൻപിൽ പടയപ്പയെ കണ്ടതോടെ കൈലി ഉപേക്ഷിച്ച് അടുത്തുണ്ടായിരുന്ന തയ്യൽ മെഷീന്റെ അടിയിൽ ഒളിച്ചു. ബഹളം കേട്ട് എഴുന്നേറ്റ ജയപാർവതി പിൻവശത്തെ വാതിൽവഴി പുറത്തിറങ്ങി അയൽവാസികളെ വിളിച്ചു. ഇവർ എത്തി ബഹളംവച്ചാണ് പടയപ്പയെ ഓടിച്ചത്.






