കൊല്ലം: കടയ്ക്കൽ വയലായിൽ റേഷൻ കട ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. വയലായിൽ റേഷൻ കട നടത്തിവന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്.
റേഷൻ കടയ്ക്കുള്ളിൽ വെച്ചാണ് അനിൽകുമാറിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം പത്തനാപുരത്ത് നിന്ന് മാനന്തവാടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി.വൈ.എസ്.പി ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കൂത്താട്ടുകുളത്ത് വെച്ച് കടയ്ക്കൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടയ്ക്കൽ എസ്.എച്ച്.ഒ ജ്യോതിഷ് ചിറവൂർ, എസ്.ഐമാരായ ഷാജി ടി., ബിനിൽ, സി.പി.ഒമാരായ രഞ്ജിത്ത്, ജഗദീഷ്, അനീഷ്, നിതീഷ്, ശ്യാംമോഹൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് അതിവേഗം പ്രതിയെ വലയിലാക്കിയത്.






