ഊട്ടി ∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിലെ മഞ്ഞുകാലത്തിനു തുടക്കമായി. സസ്യോദ്യാനം, അതിനടുത്തുള്ള എച്ച്എഡിപി മൈതാനം, പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കാന്തലിലെ മൈതാനം, എച്ച്പിഎഫ്, തലക്കുന്ത തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം മുതൽ കനത്ത മഞ്ഞുവീഴ്ച തുടങ്ങിയത്. വരുംനാളുകളിൽ മഞ്ഞുവീഴ്ച കൂടാനാണു സാധ്യത.
ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നു രാവിലെ താപനില 4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തലക്കുന്തയിൽ ഇന്നലെത്തന്നെ 4 ഡിഗ്രിയായിരുന്നു.
കഴിഞ്ഞവർഷം തലക്കുന്തയിലെ ചതുപ്പുനിലത്തിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യം കാണാനും ഫോട്ടോയും വിഡിയോയും എടുക്കാനും മറ്റുമായി ആയിരക്കണക്കിനു വിനോദസഞ്ചാരികളാണെത്തിയത്. തുടർന്നു വനംവകുപ്പ് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കനത്ത മഞ്ഞുവീഴ്ചയും തണുപ്പുമായതോടെ ഊട്ടിയിൽ അതിരാവിലെ അവിടവിടെ കൂടിയിരുന്നു തീകായുന്നവരുടെ കാഴ്ചയാണെങ്ങും. പലവിധ ജോലിക്കായി രാവിലെ പുറത്തിറങ്ങുന്നവരാണ് തണുപ്പുകൊണ്ട് പ്രയാസപ്പെടുന്നത്.







