മുംബൈ ∙ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സീഷൻ അക്തറാണോ ഇതിന് പിന്നിലെന്നും, അതോ മറ്റാരെങ്കിലും ശബ്ദം അനുകരിച്ച് വ്യാജമായി നിർമിച്ചതാണോ എന്നുമാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രോഹിത് ഗോദാര സംഘത്തിന്റെ പേരിലാണ് ഭീഷണി സന്ദേശം പ്രചരിക്കുന്നത്. താൻ സീഷൻ അക്തറാണെന്ന് അവകാശപ്പെട്ടാണ് സന്ദേശത്തിലെ സംസാരം. സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂറുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടനു നേരെ ഭീഷണി ഉയർന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ശബ്ദസന്ദേശം സീഷൻ അക്തർ തന്നെയാണോ അയച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫോറൻസിക്, സൈബർ ക്രൈം വിഭാഗങ്ങൾ ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. സീഷൻ അക്തറിന്റെ മുൻകാല ശബ്ദസാംപിളുകളുമായി ഇത് ഒത്തുനോക്കുന്നുണ്ട്. 2024 ഒക്ടോബറിൽ ബാന്ദ്രയിൽ ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചതിനു പിന്നാലെ ഒളിവിൽ പോയതാണ് സീഷൻ അക്തർ. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളയാളായാണ് ഇയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നത്. എന്നാൽ പിന്നീട് വിദേശത്തേക്ക് കടന്നതായും രോഹിത് ഗോദാര സംഘത്തിനൊപ്പം ചേർന്നതായും അവകാശപ്പെട്ട് ഇയാൾ സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പങ്കുവച്ചിരുന്നു.
ഈ മാസം ആദ്യം, നടന്മാരായ ആയുഷ്മാൻ ഖുറാനയ്ക്കും തുഷാർ കപൂറിനും സമാനമായ ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായ വൈഭവ് മിശ്ര (30) എന്ന ഐഐടി ബിരുദധാരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എഐ വോയ്സ് ക്ലോണിങ് സോഫ്റ്റ്‌വെയറും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ച് ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങളെന്ന വ്യാജേന ഇയാൾ താരങ്ങളിൽ നിന്ന് കോടികൾ തട്ടാൻ ശ്രമിക്കുകയായിരുന്നു. അൻപതിലധികം പ്രമുഖർക്ക് ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നതായും, ഇയാൾക്ക് ഒരു അധോലോക സംഘവുമായും ബന്ധമില്ലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.







