ഗാന്ധിനഗർ: ഭർത്താവുമായി അകന്നുകഴിയുന്നതിനിടെ കാമുകനിൽനിന്ന് ഗർഭിണിയായ യുവതി പ്രസവിച്ച പെൺകുഞ്ഞിനെ ജനിച്ച് മണിക്കൂറുകൾക്കകം കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദെഹ്ഗാം സബ് ഡിവിഷനിലെ അംഗുതല ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിയിൽ ഉപേക്ഷിച്ച കേസിൽ 21കാരിയായ കൽപ്പന സോളങ്കിയെയും 32കാരനായ കാമുകൻ കാൽജി സോളങ്കിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷത്തിലേറെയായി കൽപ്പന ഭർത്താവുമായി അകന്നുകഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ കാൽജിയുമായി പ്രണയത്തിലാവുകയും ഗർഭിണിയാവുകയും ചെയ്തു. നവംബർ 14ന് രാത്രി പ്രസവവേദന അനുഭവപ്പെട്ടതോടെ പ്രാഥമിക ആവശ്യങ്ങൾക്കെന്ന വ്യാജേന സമീപത്തെ പുൽമേട്ടിലേക്ക് പോയ യുവതി അവിടെവച്ച് കുഞ്ഞിന് ജന്മം നൽകി. തുടർന്ന് പെൺകുഞ്ഞിനെ കാമുകന് കൈമാറി. ഇയാൾ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തിൽനിന്നുള്ള അപമാനം ഭയന്നാണ് കൃത്യം ചെയ്തതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്.
പിന്നീട് ഇതുവഴി പോയവരാണ് കുഞ്ഞിനെ കുഴിയിൽ കണ്ടെത്തിയത്. ഉടൻ ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തുടർന്ന് ദെഹ്ഗാം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.







