ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ, ബൈജു രവീന്ദ്രന്റെ കുടുംബാംഗങ്ങളിൽ നിന്ന് ബെംഗളൂരുവിലെ ആഡംബര വില്ലാ പ്ലോട്ടുകൾ 83.8 കോടി രൂപയ്ക്ക് സ്വന്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ പ്രമുഖ പാർപ്പിട സമുച്ചയമായ ‘എപ്സിലോൺ റസിഡൻഷ്യൽ വില്ലാസിൽ’ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് പ്ലോട്ടുകളാണ് വിദിത് വാങ്ങിയത്. പ്രോപ്ടെക് പ്ലാറ്റ്ഫോമായ ‘സാപ്കി’ പുറത്തുവിട്ട പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.
ആകെ 33,485 ചതുരശ്ര അടി വിസ്തീർണമുള്ള ഭൂമിയാണ് രണ്ട് പ്രത്യേക ഇടപാടുകളിലായി വിദിത് ആത്രേ വാങ്ങിയത്. 2026 ജൂലൈ 24-ന് രണ്ട് വിൽപന കരാറുകളിലൂടെ നടന്ന ഈ ഇടപാടുകൾ ജൂലൈ 27-ന് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തു. മൊത്തത്തിലുള്ള വാങ്ങൽ ചെലവ് കണക്കാക്കുമ്പോൾ ഒരു ചതുരശ്ര അടിക്ക് ഏകദേശം 25,029 രൂപ നിരക്കിലാണ് ഭൂമി സ്വന്തമാക്കിയിരിക്കുന്നത്.
ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുൽനാഥിൽ നിന്നാണ് ആദ്യ പ്ലോട്ട് വാങ്ങിയത്. 18,305 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഭൂമിക്ക് 48.11 കോടി രൂപയാണ് വില നിശ്ചയിച്ചത്. ഇതനുസരിച്ച് ഒരു ചതുരശ്ര അടിക്ക് ഏകദേശം 26,280 രൂപയാണ് നിരക്ക് വരുന്നത്. ബൈജു രവീന്ദ്രന്റെ സഹോദരൻ റിജു രവീന്ദ്രന്റെ ഭാര്യ ദീപ്ത അഖില രാഘവനിൽ നിന്നാണ് തൊട്ടടുത്തുള്ള രണ്ടാമത്തെ പ്ലോട്ട് വാങ്ങിയത്. 15,180 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഭൂമി 35.70 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഒരു ചതുരശ്ര അടിക്ക് ഏകദേശം 23,521 രൂപയാണ് ഇതിന്റെ വില.
കരാർ വ്യവസ്ഥകൾ
എഡ്ടെക് ഭീമനായിരുന്ന ‘ബൈജൂസി’ന്റെ മാതൃസ്ഥാപനമായ ‘തിങ്ക് ആൻഡ് ലേൺ’ കമ്പനിയുമായി ബന്ധപ്പെട്ട് പാപ്പരത്ത നടപടികളും വിവിധ നിയമനടപടികളും തുടരുന്നതിനിടെയാണ് ഈ ഭൂമി വിൽപന നടന്നിരിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, പ്രമുഖ നിയമസ്ഥാപനമായ ‘സിറിൽ അമർചന്ദ് മംഗൾദാസ്’ തയാറാക്കിയ വിൽപന കരാറുകളിൽ കർശനമായ സുരക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും നിയമസാധുതയും സംബന്ധിച്ച് വിൽപനക്കാർ നൽകുന്ന ഉറപ്പുകളും, ഭാവിയിലുണ്ടായേക്കാവുന്ന തർക്കങ്ങളിൽ നിന്ന് വാങ്ങുന്നയാൾക്ക് സംരക്ഷണം നൽകുന്ന വിപുലമായ നഷ്ടപരിഹാര വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കിയിട്ടുണ്ട്.





