തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമന രീതിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, നിലവിലെ നിയമന വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള നീക്കം കെ.എ.എസിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന ആശങ്കയുമായി ഉദ്യോഗാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
29 വകുപ്പുകളിലെ നിയമന വ്യവസ്ഥയിൽ മാറ്റം
നിലവിലെ ചട്ടപ്രകാരം 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളിൽ 10 ശതമാനം കെ.എ.എസിനായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കാൻ നിർദേശിച്ചിരിക്കുന്നത്. പകരം, കെ.എ.എസ് ഉദ്യോഗസ്ഥരെ ഏതൊക്കെ തസ്തികകളിൽ നിയമിക്കണമെന്ന് സർക്കാർ തീരുമാനിക്കുന്ന രീതിയാണ് കരടിലുള്ളത്. ഇതിലൂടെ വിവിധ വകുപ്പുകളിൽ പുതിയ തസ്തികകൾ കണ്ടെത്തി നിയമന സാധ്യതകൾ വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ പറയുന്നത്.
രണ്ടാം കെ.എ.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2027 ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് ചട്ടഭേദഗതിക്കുള്ള നീക്കം. 2026 ജനുവരി 30നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. പി.എസ്.സി വിജ്ഞാപനപ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടത്തേണ്ടത്. എന്നാൽ, 200 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനങ്ങൾ വൈകുന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ തസ്തികകൾ കണ്ടെത്തി നിയമന നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്.
അതേ സമയം, എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെ.എ.എസ് ഉദ്യോഗസ്ഥരെ ഐ.എ.എസിലേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ ഒഴിവാക്കാനുള്ള നിർദേശവും നിലവിലെ തസ്തിക സംവരണ രീതിയിലെ മാറ്റവും ഉദ്യോഗാർഥികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കെ.എ.എസിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമർശനം.





