റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടത്.
ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര വൈദ്യസഹായങ്ങളും വേഗത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആംബുലന്‍സ് വിഭാഗം, സിവില്‍ ഡിഫന്‍സ്, മറ്റ് സുരക്ഷാ വിഭാഗങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനൊപ്പം പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പൊലീസും മറ്റ് ഉദ്യോഗസ്ഥരും മുന്‍കൈയെടുത്തു.
അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടും. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങളോ സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. അടുത്തിടെ റാസല്‍ഖൈമയില്‍ ഇതുപോലെ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചിരുന്നു.








