ഭോപ്പാൽ∙ മധ്യപ്രദേശിൽ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എസ്‌യുവി നിയന്ത്രണം വിട്ട് മതിലിലിടിച്ച് തീപിടിച്ചു. അപകടത്തിൽ മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ യോഗേന്ദ്ര സിംഗ് ബാബയും വാഹനത്തിലുണ്ടായിരുന്നവരും അഭ്ഭുതകരമായി രക്ഷപ്പെട്ടു. ലഖ്‌നദോൺ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് യോഗേന്ദ്ര സിംഗ്. എംഎൽഎയും ഗൺമാൻ രാജു ധുർവെ, ഡ്രൈവർ അന്നു എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
സിഓനി ജില്ലയിലെ ധൂമ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബഞ്ചാരി ഗ്രാമത്തിന് സമീപം ദേശീയപാത 44-ലാണ് അപകടമുണ്ടായത്. ജബൽപൂരിൽ നിന്ന് സ്വന്തം ഗ്രാമമായ ഘുർവാദയിലേക്ക് പോവുകയായിരുന്നു എംഎൽഎ. യാത്രയ്ക്കിടയിൽ പെട്ടെന്ന് റോഡിന് കുറുകെ പശു ചാടി. പെട്ടെന്ന് പശുവിനെ രക്ഷിക്കാൻ ഡ്രൈവർ വണ്ടി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ ബഞ്ചാരി ഹൈസ്കൂളിന്റെ മതിലിൽ ഇടിച്ചു.
നാട്ടുകാരാണ് എംഎൽഎയേയും സംഘത്തെയും വാഹനത്തിന് പുറത്തിറങ്ങാൻ സഹായിച്ചത്. ഉടൻ തന്നെ മൂവരേയും ആശുപത്രിയിലേക്ക് മാറ്റി.






