പ്രവാസജീവിതത്തിന്റെ സമ്പാദ്യം നുള്ളിപ്പെറുക്കി ഷാഫിദ് ഒരുക്കിയ ‘സ്വപ്നക്കൂട്’ അനാഥം; നെഞ്ചുപൊട്ടുന്ന വേദനയിൽ ഉറ്റവർ, കണ്ണീരായി നാട്

Spread the love

ദുബായ്∙ ഉള്ളിലൊതുക്കിയ വലിയൊരു സ്വപ്നത്തിന്റെ പണിപ്പുരയിലായിരുന്നു അവൻ. വർഷങ്ങളായുള്ള പ്രവാസജീവിതത്തിന്റെ സമ്പാദ്യം നുള്ളിപ്പെറുക്കി നാട്ടിലൊരുക്കുന്ന സ്വന്തം വീട്. ആ സ്വപ്നക്കൂടിന്റെ നിർമാണം പാതിവഴിയിലുപേക്ഷിച്ച് ഭാര്യയോടും പ്രിയപ്പെട്ടവരോടുമൊപ്പം ഷാഫിദ് എന്നെന്നേക്കുമായി യാത്രയായി. മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ വാർത്തയറിഞ്ഞ ഞെട്ടലിലാണ് ദുബായിലെ പ്രവാസി കൂട്ടായ്മയും സഹപ്രവർത്തകരും.

തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷാഫിദ് (40), ഭാര്യ ഷഹീന (32), ബന്ധു ജഹാന ഷെറിൻ (26) എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടോടെ നല്ല മഴയത്തുണ്ടായ അപകടത്തിൽ പൊലിഞ്ഞത്. നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് കാറോടിച്ചിരുന്നത് ഷാഫിദായിരുന്നു.

 

∙കമ്പനിയുടെ മുതൽക്കൂട്ട്; 13 വർഷത്തെ സ്നേഹബന്ധം

പ്രമുഖ മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ തോമസ് തിരുവല്ലയുടെ ദുബായിലെ ‘മുനാവൽ ഇന്റീരിയർ’ കമ്പനിയിൽ കഴിഞ്ഞ 13 വർഷമായി ഡിസൈനറായിരുന്നു ഷാഫിദ്. കേവലം ഒരു ജീവനക്കാരൻ എന്നതിനപ്പുറം കമ്പനിയുടെ വലിയൊരു മുതൽക്കൂട്ടായിരുന്നു ഈ യുവാവ്.

 

കഴിഞ്ഞ മാസം 25നായിരുന്നു ഷാഫിദ് നാട്ടിലേക്ക് പോയത്. പണി പാതിവഴിയിലായ തന്റെ സ്വപ്നഭവനം പൂർത്തിയാക്കി എത്രയും വേഗം താമസം തുടങ്ങണം എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം. ആ സ്വപ്നം പൂവണിയാൻ കാത്തുനിൽക്കാതെയാണ് അവൻ ഈ ലോകത്തോട് വിടപറഞ്ഞത്… നെഞ്ചുപൊട്ടുന്ന വേദനയോടെ തോമസ് തിരുവല്ല മനോരമ ഓൺലൈനിനോട് പറഞ്ഞു. പ്രിയ ജീവനക്കാരന്റെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ് തോമസ് തിരുവല്ല ദുബായിൽ നിന്ന് നാട്ടിലേക്ക് പോയി.

 

∙എല്ലാവർക്കും പ്രിയപ്പെട്ടവൻ, കളിചിരി മായാത്ത മുഖം

സഹപ്രവർത്തകർക്കിടയിൽ എപ്പോഴും പോസിറ്റീവ് ഊർജം നിറച്ചിരുന്ന വ്യക്തിത്വമായിരുന്നു ഷാഫിദിന്റേത്. ജോലിസ്ഥലത്ത് എപ്പോഴും ഊർജസ്വലനായിരുന്ന അവൻ ആരോടും പരിഭവങ്ങളോ പരാതികളോ കാട്ടിയിരുന്നില്ല. എല്ലാവരോടും വളരെ സൗമ്യമായാണ് ഷാഫിദ് പെരുമാറിയിരുന്നത്. എപ്പോഴും കളിചിരിയും തമാശകളുമായി സഹപ്രവർത്തകരുടെ കൂടെക്കൂടും. അവൻ ഇനിയില്ല എന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ആർക്കും കഴിയുന്നില്ല.. ഒപ്പം ജോലി ചെയ്യുന്ന ജിതിൻ വിതുമ്പലോടെ ഓർക്കുന്നു.

 

അവധി കഴിഞ്ഞ് ഇതേ മാസം 25ന് ദുബായിലേക്ക് തിരികെ വരാനിരിക്കെയാണ് ദുരന്തം വിധി ഒളിപ്പിച്ചു വച്ചത്. കോഴിക്കോട് ബീച്ചിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിച്ച ശേഷം രാത്രിയോടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു കോഹിനൂരിൽ മരണ രൂപത്തിൽ ലോറി കാറിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

 

ഷാഫിദിന്റെ സഹോദരൻ ഷാനിയും ദുബായിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ പണിതീരാത്ത ആ വീടിന്റെ ചുമരുകളിൽ ഇനി ഷാഫിദിന്റെ കൈയൊപ്പുകൾ മാത്രമായിരിക്കും അവശേഷിക്കുക. പ്രിയപ്പെട്ടവരുടെ വേർപാടിൽ തകർന്നുപോയ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ണീർ വാർക്കുകയാണ് പ്രവാസ ലോകം.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *