ചാരുംമൂട് ∙ നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കാത്തതിനു പാലമേൽ പഞ്ചായത്ത് രണ്ടായിരം രൂപ പിഴ ചുമത്തി. കഴിഞ്ഞ മാസം 30ന് സ്ഥലം പരിശോധിച്ചപ്പോൾ സ്റ്റേഷൻ പരിസരത്ത് സെപ്റ്റിക് ടാങ്ക് പൊട്ടി കൂത്താടികൾ പെരുകുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് സ്റ്റേഷന് പഞ്ചായത്ത് കത്ത് നൽകിയിരുന്നു. ഇതോടൊപ്പം സ്റ്റേഷന് പിന്നിൽ മാലിന്യനിക്ഷേപത്തിനായി കെട്ടിയിട്ടിരിക്കുന്ന ടാങ്കിൽ വെള്ളം കെട്ടിക്കിടന്ന് മാലിന്യം അഴുകി ദുർഗന്ധം പരത്തുന്നതായും കണ്ടെത്തി. നോട്ടിസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ തുക ഒടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം വസ്തു നികുതി കുടിശിക ഈടാക്കുന്നത് പോലെ ആർആർ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.





