മുംബൈ ∙ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് പുനഃപരീക്ഷ എഴുതിയതിനു പിന്നാലെ 18 വയസ്സുകാരനായ വിദ്യാർഥി ജീവനൊടുക്കി. മരണത്തിന് തൊട്ടുമുമ്പ് ‘അമ്മ, എന്നോട് ക്ഷമിക്കൂ’ എന്ന് പറയുന്ന വിഡിയോ സന്ദേശം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. ഹിംഗോളി സ്വദേശിയായ സുശീൽ ധാകെ എന്ന വിദ്യാർഥിയാണ് മരിച്ചത്.
‘‘അമ്മേ, ഞാൻ ഇന്ന് എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. അമ്മ ഒട്ടും വിഷമിക്കരുത്. അടുത്ത ജന്മത്തിലും ഞാൻ അമ്മയുടെ വയറ്റിൽ തന്നെ ജനിക്കും. അന്ന് അമ്മയ്ക്ക് ഇതുപോലെയുള്ള വിഷമങ്ങൾ ഒന്നും ഉണ്ടാക്കില്ല. എന്നോട് ക്ഷമിക്കൂ അമ്മേ. അമ്മ സ്വന്തം കാര്യം നോക്കണം, എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കരുത്. ഞാൻ വലിയ മാനസിക വിഷമത്തിലാണ്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. എനിക്കിപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. എന്നോട് ക്ഷമിക്കൂ അമ്മേ’’– എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർഥി കൈകൾ കൂപ്പി പൊട്ടിക്കരഞ്ഞത്.
വിഡിയോ സന്ദേശം കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്ത ശേഷം സുശീൽ കിണറ്റിൽ ചാടുകയായിരുന്നു. രാജ്യത്തെ മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് മേയ് 3 നാണ് ആദ്യം നടന്നത്. എന്നാൽ ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് മേയ് 12 ന് പരീക്ഷ റദ്ദാക്കി. ജൂൺ 21 ന് വീണ്ടും നടത്തിയ നീറ്റ് പരീക്ഷയിൽ സുശീൽ പങ്കെടുത്തിരുന്നു.







