ഇന്നും കറന്റ് പോകും! ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Spread the love

തിരുവനന്തപുരം∙ ഇന്നും രാത്രി കറന്റ് പോകും. വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചു. ഇന്നലെ രാത്രി 7.15 മുതല്‍ 12.15 വരെ പലയിടത്തും രണ്ടു തവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു.

 

ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി പറയുന്നു.

 

∙ വൈദ്യുതി ഉപഭോഗം കൂടി; ഉൽപാദനം കുറഞ്ഞു: പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി

 

ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തില്‍ 700 മുതൽ 1000 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അതേസമയം ഇടുക്കി ഉള്‍പ്പെടെ ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള ഉല്‍പാദനം 45 ദശലക്ഷം യൂണിറ്റില്‍നിന്ന് 14-17 ദശലക്ഷം യൂണിറ്റായി കുറഞ്ഞുവെന്നും കെഎസ്ഇബി ചെയര്‍മാന്‍ എം.ജി.രാജമാണിക്യം.

 

2025 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് 60 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞുവെന്നും എം.ജി.രാജമാണിക്യം പറഞ്ഞു. എല്‍ നിനോ പ്രതിഭാസം കാലവര്‍ഷത്തെ ദുര്‍ബലപ്പെടുത്തുകയും അതുമൂലം അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെയധികം താഴ്ന്ന നിലയിലേക്ക് എത്തിച്ചേരുകയും ചെയ്തതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2026 ജൂലൈ 14ലെ കണക്കനുസരിച്ച് അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് 28.8 ശതമാനം ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അത് 60 ശതമാനം ആയിരുന്നു. അതിനാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.

 

ഇതിനൊപ്പം അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം ഉള്‍പ്പെടെയുള്ള വൈദ്യുതി ഉപഭോഗം കണക്കുകൂട്ടലുകള്‍ക്ക് വിപരീതമായി ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 2025 ജൂലൈ 14ന് ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 3952 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2026 ജൂലൈ 14ന് അത് 4633 ആയി ഉയർന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ പ്രകാരം ജൂലൈയില്‍ രാജ്യത്ത് ലഭ്യമാകുന്ന മഴയുടെ അളവ് ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനത്തില്‍ താഴെയാകാനാണ് സാധ്യതയെന്നും രാജമാണിക്യം പറഞ്ഞു. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന അന്തരീക്ഷ താപനില മൂലം രാജ്യത്താകെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് പോലും ആവശ്യാനുസരണം വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്. കൂടാതെ, വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ കേരളം തിരികെ നല്‍കേണ്ടതുണ്ട്.

 

ഈ കരാര്‍ വ്യവസ്ഥയില്‍ വീഴ്ച വരുത്താന്‍ സാധിക്കാത്തതിനാല്‍ വൈദ്യുതി മടക്കി നല്‍കല്‍ ആരംഭിച്ചതും ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് നയിച്ചതെന്നും രാജമാണിക്യം പറഞ്ഞു. ഇതിനു പുറമേ 2400 മെഗാവാട്ടോളം ശേഷിയുള്ള സംസ്ഥാനത്തെ സൗരോര്‍ജ പ്ലാന്റുകളില്‍ ഭൂരിഭാഗത്തിനും പകല്‍ വരുന്ന അധിക വൈദ്യുതി സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള ബാറ്ററി സംവിധാനം ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

 

എല്‍ നിനോ പ്രതിഭാസം തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യതയിലെ കുറവ് അതിജീവിക്കുന്നതിനും നിയന്ത്രണങ്ങളുടെ തോത് കുറയ്ക്കുന്നതിനുമായി ഉപഭോഗം ക്രമീകരിക്കുന്നത് അനിവാര്യമാണ്. ഇതിനായി ഉപഭോക്താക്കളുടെ പൂര്‍ണമായ സഹകരണവും സാമൂഹിക ഉത്തരവാദിത്തബോധവും ആവശ്യമാണെന്നും കെഎസ്ഇബി പറയുന്നു.

 

∙ നിലവിലെ വൈദ്യുതി ലഭ്യത (മെഗാവാട്ടില്‍)

 

കേന്ദ്ര ഉല്‍പാദന കേന്ദ്രങ്ങള്‍ – 1700

 

ദീര്‍ഘകാല ഊര്‍ജ വാങ്ങല്‍ – 650

 

ഹ്രസ്വകാല ഊര്‍ജ വാങ്ങല്‍ – 150

 

ആഭ്യന്തര ഉല്‍പാദനം – 1600

 

ആകെ ലഭ്യമായ വൈദ്യുതി 4100

 

കുറവ് 500-600 മെഗാവാട്ട്

 

∙ ഉപഭോക്താക്കള്‍ക്കായുള്ള നിര്‍ദേശങ്ങള്‍

 

എ.സി ഉപയോഗിക്കുമ്പോള്‍ താപനില എപ്പോഴും 25°C അല്ലെങ്കില്‍ അതിനു മുകളിലായി ക്രമീകരിക്കുക.

 

വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ (6 പിഎം to 12 പിഎം) അലങ്കാര വിളക്കുകളും അത്യാവശ്യമല്ലാത്ത മറ്റ് ലൈറ്റുകളും ഓഫാക്കുക.

 

ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി) ചാര്‍ജ് ചെയ്യുന്നത് സൂര്യപ്രകാശം ലഭ്യമായ പകല്‍ സമയങ്ങളിലായി, പ്രത്യേകിച്ച് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ, ക്രമീകരിക്കുക.

 

കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ (വാട്ടര്‍ പമ്പുകള്‍, ഗീസറുകള്‍, വാഷിങ് മെഷീനുകള്‍, ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍ മുതലായവ) ഉപയോഗം പകല്‍ സമയങ്ങളിലേക്ക് മാറ്റുക.

 

ഷിഫ്റ്റ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ തിരക്കില്ലാത്ത സമയങ്ങളിലേക്ക്മാറ്റാന്‍ ശ്രമിക്കുക.

 

ഊര്‍ജക്ഷമത കൂടിയ ബിഎല്‍ഡിസി ഫാനുകള്‍ (ഒരു ഫാനില്‍ നിന്ന് ഏകദേശം 40 വാട്ട് വരെ ലാഭിക്കാം), എല്‍ഇഡി ലൈറ്റുകള്‍, മറ്റ് കാര്യക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ എന്നിവ പരമാവധി ഉപയോഗിക്കുക.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *