ഇൻസ്റ്റയിൽനിന്ന് പെൺകുട്ടികളുടെ ചിത്രമെടുക്കും; മോർഫ് ചെയ്യും; ഇരകളായത് 20ലേറപ്പേർ; മെഡി.കോളജിനെ ഞെട്ടിച്ച ൈസബർ ക്രൈം

Spread the love

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ചിത്രങ്ങള്‍ മോശമായി പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യാനൊരുങ്ങി പൊലീസ്. വയനാട് കാക്കവയല്‍ സ്വദേശിയും മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനാണ് ഒന്നാം പ്രതി. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടെങ്കില്‍ അവരില്‍നിന്ന് മൊഴിയെടുത്ത ശേഷം എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് കഴക്കൂട്ടം എസിപി പറഞ്ഞു.

 

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ ഇരുപതിലേറെ ഇരകളുണ്ടെന്നു പൊലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എബേല്‍ അഗസ്റ്റിനെ ഇന്നു വീണ്ടും ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ചൂഷണത്തിന്റെ കൂടുതല്‍ വിവരം പുറത്തായത്. എബേലിന്റെ നവമാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കും. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകള്‍ ചുമത്തി എബേലിനെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി കെ.എസ്.സഹന്‍ഷാ പറഞ്ഞു.

 

എബേല്‍ അഗസ്റ്റിനെ മെഡിക്കല്‍ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്‌പെന്‍ഷന്‍ എന്ന് പ്രിന്‍സിപ്പലിന്റെ ഉത്തരവില്‍ പറയുന്നു. പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

 

പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് നൂറോളം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബിഎന്‍എസിലെയും ബാധകമായ വകുപ്പുകള്‍ ചേര്‍ത്താണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും എസിപി പറഞ്ഞു. ബിഎന്‍എസ് പ്രകാരം ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ആദ്യം അറസ്റ്റിലേക്കു കടക്കാതെ നോട്ടിസ് നല്‍കി വിളിപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്തതെന്നും എസിപി പറഞ്ഞു.

 

പൊലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയതു കൊണ്ടാണ് പ്രതിക്കു ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്‍.എച്ച്.സാലിഹ് പറഞ്ഞു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എസ്‌ഐ മോശമായാണ് പെരുമാറിയത്. പൊലീസിനു സമ്മര്‍ദമുണ്ടായതായി സംശയമുണ്ട്. ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്നു ജാമ്യം ലഭിക്കുന്ന നിലയുണ്ടായാല്‍ ഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. ആ സാഹചര്യത്തിലാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിരവധി കുട്ടികള്‍ക്ക് പ്രതിയില്‍നിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് ആദ്യം പരാതി നല്‍കാന്‍ തയാറായത്.

 

ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ പരാതി നല്‍കും. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും സാലിഹ് പറഞ്ഞു. 11 സീനിയര്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒറ്റ എഫ്‌ഐആര്‍ മാത്രമാണ് എടുത്തതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഒരാളില്‍ നിന്നുമാത്രം മൊഴിയെടുക്കുകയും ബാക്കിയുള്ളവരോടു പിന്നീട് വരാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും പരാതിക്കാര്‍ പറയുന്നു. സമാന പരാതികള്‍ ആയതിനാല്‍ ഒന്നിലേറെ എഫ്‌ഐആര്‍ പറ്റില്ലെന്നാണ് പൊലീസ് വാദം.

 

പ്രതിഷേധത്തിനിടെ പരാതി നല്‍കാനായി സ്റ്റേഷനുള്ളില്‍ കയറിയ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ അറിയാതെ ഉള്‍പ്പെട്ടുപോയതാണെന്ന് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും സാന്നിധ്യത്തില്‍ പൊലീസ് ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *