ചാലക്കുടി ∙ കെഎസ്ആർടിസി ബസിനകത്തെ തൂണുകളിലൊന്ന് ഇതുവരെ ‘പിടിച്ചു നിന്നത് ഒരേയൊരു നട്ടിലും നേർത്ത ചരടിലും’. ഒടുവിൽ ആ നട്ടും ഇളകി താഴെ വീണതോടെ ചരിഞ്ഞ ഇരുമ്പു തൂണ് ഉടൻ കണ്ടക്ടർ പിടിച്ചതിനാൽ യാത്രക്കാരുടെ ദേഹത്തു വീണില്ല, ഭാഗ്യം! തൃശൂരിൽ നിന്ന് ആലുവയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസിലാണു സംഭവം. യാത്രക്കാരി ചാരി നിൽക്കുമ്പോഴാണ് തൂണ് ബസിന്റെ മുകൾ ഭാഗത്ത് ഉറപ്പിച്ചിരുന്ന നട്ട് ഇളകി താഴെ വീണത്. തൂണ് താഴെ പ്ലാറ്റ്ഫോമിൽ ഉറപ്പിച്ച ഭാഗം തുരുമ്പെടുത്തു ദ്രവിച്ച നിലയിലായിരുന്നു. വീഴും മുൻപേ തൂണ് കണ്ടക്ടർ എടുത്തു ബസിൽ മുൻ ഭാഗത്തു ഡ്രൈവറുടെ സമീപത്തായി ഇട്ടാണു യാത്ര തുടർന്നത്. ഇന്നലെ ആറോടെയാണു സംഭവം. വീഴാതിരിക്കാൻ ചരട് ഉപയോഗിച്ചു സീറ്റിൽ കെട്ടി വച്ചിട്ടുമുണ്ടായിരുന്നു.






