തിരുവനന്തപുരം∙ കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും പലയിടങ്ങളിലും പ്രളയസമാനമായ അവസ്ഥയുണ്ടായിട്ടും പരീക്ഷ മാറ്റിവയ്ക്കാന്‍ തയാറാകാത്ത പിഎസ്‌സിയുടെ നടപടിയില്‍ ഉദ്യോഗാര്‍ഥികള്‍ക്കു കടുത്ത അമര്‍ഷം. 1.69 ലക്ഷം ഉദ്യോഗാര്‍ഥികളാണ് ഇന്നു പരീക്ഷ എഴുതാനുള്ളത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങി പല ജില്ലകളിലും മണ്ണിടിച്ചിലിനെ തുടര്‍ന്നു പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. റോഡ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ച അവസ്ഥയില്‍ എങ്ങനെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കെടിഡിസിയില്‍ സ്റ്റോര്‍മാന്‍, ബവ്റിജസ് കോര്‍പറേഷനില്‍ എല്‍ഡി ക്ലാര്‍ക്ക് (നേരിട്ടും തസ്തികമാറ്റം വഴിയും) എന്നീ തസ്തികകളിലേക്കുള്ള ടെന്‍ത് ലെവല്‍ കോമണ്‍ പ്രിലിംസ് പരീക്ഷയുടെ രാവിലെയും ഉച്ചയ്ക്കുമായുള്ള മൂന്നും നാലും ഘട്ട പരീക്ഷയാണ് ഇന്നു നടക്കുന്നത്.
ജൂലൈ 18ന് ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ചോദ്യപ്പേപ്പര്‍ മാറി നല്‍കിയപ്പോള്‍ ഇതേ പരീക്ഷയുടെ രണ്ടാഘട്ടം പിഎസ്‌സി മാറ്റിവച്ചിരുന്നു. എന്നാല്‍ ഇന്ന് നാട്ടിലാകെ കനത്ത മഴയും മണ്ണിടിച്ചിലും രൂക്ഷമായിട്ടും പരീക്ഷ മാറ്റാന്‍ പിഎസ്‌സി തയാറാകുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതേ പരീക്ഷയുടെ രണ്ടാംഘട്ടത്തില്‍ ചോദ്യപ്പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് മാറ്റിയ പരീക്ഷ ഓഗസ്റ്റ് 22നാണ് നടക്കുന്നത്. ഇന്ന് എഴുതാന്‍ കഴിയാത്തവര്‍ക്ക് അന്ന് അവസരം നല്‍കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 749 കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായതിനാൽ പരീക്ഷ മാറ്റാനാകില്ലെന്നാണ് പിഎസ്‌സി അധികൃതർ പറയുന്നത്.






