മുക്കുപണ്ടത്തിൽ പ്രമുഖ ജ്വല്ലറികളുടെ വ്യാജ ലോഗോ പതിപ്പിച്ച് തട്ടിപ്പിന് ശ്രമം; പുറത്തറിഞ്ഞത് പണയംവയ്ക്കാൻ വന്നപ്പോൾ, കേസെടുത്ത് പൊലീസ്

Spread the love

കോഴിക്കോട് ∙ പ്രമുഖ ജ്വല്ലറികളുടെ സ്വർണാഭരണങ്ങളിലെ എച്ച്‌യുഐഡിയും (ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ) ലോഗോയും മുക്കുപണ്ടങ്ങളിൽ പതിപ്പിച്ചു തട്ടിപ്പു നടത്തുന്നതു വ്യാപകമാകുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് ഇതിനകം ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളടക്കം കണ്ണികളായുള്ള സംഘം മറ്റിടങ്ങളിലും സമാനരീതിയിൽ തട്ടിപ്പു നടത്തിയതായാണു സൂചന.

 

താമരശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ, സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ചപ്പോഴാണു വ്യാജ ഹാൾമാർക്കിങ് സംബന്ധിച്ച സംശയം ഉയർന്നത്. ധനകാര്യസ്ഥാപനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മലബാർ ഗോൾഡ് അധികൃതർ കോഴിക്കോട് സ്വദേശി എം.നൗഷാദ്, താമരശ്ശേരി സ്വദേശി ഗിരിജ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണു താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 29ന് രാവിലെ 10 മണിയോടെയാണു സംഭവം.

 

പണയം വയ്ക്കാനെത്തിയ സ്ത്രീ ഗിരിജയെന്നാണു പേരു പറഞ്ഞത്. 2 ദിവസം മുൻപു വാങ്ങിയ ആഭരണമാണെന്ന് ഇവർ പറഞ്ഞതോടെയാണു ധനകാര്യ സ്ഥാപന ജീവനക്കാർക്കു സംശയം ജനിച്ചത്. ധനകാര്യ സ്ഥാപന ഉടമ വളകൾ കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കിയതോടെ, സ്വർണമല്ലെന്നു വ്യക്തമായി. വളകൾ തനിക്കു സമ്മാനമായി കിട്ടിയതാണെന്നായിരുന്നു ഗിരിജയുടെ വിശദീകരണം. തട്ടിപ്പു പുറത്തായെന്നു വ്യക്തമായതോടെ, ഗിരിജ കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.

 

മലബാർ ഗോൾഡിന്റെ കോഴിക്കോട്ടെ ഷോറൂമിൽ നിന്ന് നൗഷാദ് ഈമാസം 28ന് 3 സ്വർണ വളകൾ വാങ്ങിയിരുന്നു. ഇതിൽ ഒന്നിലെ എച്ച്‌യുഐഡിയും ലോഗോയും പതിപ്പിച്ച മുക്കുപണ്ടത്തിന്റെ ഒരു വളയും ലോഗോ പതിപ്പിച്ച മുക്കുപണ്ടത്തിന്റെ 2 വളകളുമാണു ഗിരിജ പണയം വയ്ക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറയുന്നു. തട്ടിപ്പു സംഘത്തിൽപെട്ട സബീർ എന്നയാൾ കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി പറഞ്ഞു.

 

വ്യാജ ഹാൾമാർക്ക്: ബിഐഎസ് അന്വേഷിക്കണമെന്ന് കെജിഎസ്എംഎ

 

കൊച്ചി∙ വ്യാജ സ്വർണാഭരണങ്ങളിൽ വ്യാജ ഹാൾമാർക്ക് മുദ്ര (എച്ച്‌യുഐഡി) പതിപ്പിച്ച് വിപണിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ).

 

എന്താണു എച്ച്‌യുഐഡി

 

ഉപയോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കാനാണ് കേന്ദ്ര സ‍ർക്കാരിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) എച്ച്‌യുഐഡി നിർബന്ധമാക്കിയത്. സ്വർണാഭരണങ്ങളുടെ പരിശുദ്ധി, ജ്വല്ലറി, ഏതു തരം ആഭരണം, ഹാൾ മാർക്കിങ് നടത്തിയ കേന്ദ്രം എന്നിവ എച്ച്‌യുഐഡിയിലൂടെ അറിയാം. കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന പ്രത്യേക സ്ഥാപനങ്ങളാണ് ആഭരണങ്ങളിൽ എച്ച്‌യുഐഡി പതിപ്പിക്കുക.

 

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ വ്യാജ സ്വർണത്തിൽ വ്യാജ എച്ച്‌യുഐഡി നമ്പർ പതിച്ച മൂന്ന് വളകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണ്. ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന ആഭരണങ്ങൾ പിന്നീട് വിൽപനയ്ക്കായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

 

യഥാർഥ എച്ച്‌യുഐഡി വിവരങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജ ആഭരണങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന സംഘടിത ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. സംഭവത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അടിയന്തര അന്വേഷണം നടത്തണമെന്നും തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ ഹാൾമാർക്കിങ് കേന്ദ്രങ്ങളിലെ സുരക്ഷാ, പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ. സുരേന്ദ്രനും സെക്രട്ടറി എസ്. അബ്ദുൽ നാസറും ആവശ്യപ്പെട്ടു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *