കൊച്ചി ∙ ലഹരി കടത്താൻ വഴിമാറ്റിപ്പിടിച്ച് പൊലീസിനെ വെട്ടിക്കാൻ നോക്കിയ ഇതര സംസ്ഥാനക്കാരുടെ തന്ത്രം പാളി. പറവൂരിൽ 37 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും പറവൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇരുവരും കുടുങ്ങിയത്.
സാധാരണയായി ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി അവിടെനിന്ന് ബസിലോ ടാക്സിയിലോ ആണ് ഇവർ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ചിരുന്നത്. എന്നാൽ ആലുവയിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയതോടെ പൊലീസിന്റെ പിടിയിൽ പെടാതിരിക്കാൻ ഇരുവരും പുതിയ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതികൾ ഓൺലൈൻ ടാക്സി വിളിച്ച് പറവൂരിലേക്കു തിരിച്ചു. എന്നാൽ കുറച്ചുനാളുകളായി ഇവരെ നിരീക്ഷിച്ചിരുന്ന പൊലീസ് പിടികൂടുകയായിരുന്നു.
ബാഗിലെ വസ്ത്രങ്ങൾക്കിടയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽനിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് പത്തിരട്ടിയിലധികം തുകയ്ക്കാണ് ഇവർ ഇവിടെ വിറ്റിരുന്നത്. ലഹരി ഇവിടെയെത്തിച്ച് അന്നു തന്നെ നാട്ടിലേക്കു മടങ്ങുന്നതാണ് ഇവരുടെ രീതി. ഇവരിൽനിന്നു കഞ്ചാവു വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, പറവൂർ ഇൻസ്പെക്ടർ കെ.സി.ബൈജു, എസ്ഐ എം.സി.ഹരീഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഈ വർഷം റൂറൽ ജില്ലയിൽ മാത്രം 550 കിലോയോളം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനകം 360ഓളം നർക്കോട്ടിക് കേസുകളിലായി 445 പേർ അറസ്റ്റിലായിട്ടുമുണ്ട്.