അനിയത്തിയുടെ അരങ്ങേറ്റ ചിത്രം കാണാൻ എത്തി പ്രണവ് മോഹൻലാൽ. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ ‘തുടക്കം’ കാണാൻ വിസ്മയയ്ക്കും അമ്മ സുചിത്രയ്ക്കുമൊപ്പമാണ് പ്രണവ് എത്തിയത്. ‘തുടക്കം’ സിനിമ പ്രഖ്യാപന വേദിയിൽ വിസ്മയയ്ക്കൊപ്പം പ്രണവ് ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലോ മറ്റു പ്രമോഷൻ ചടങ്ങുകളിലോ പ്രണവ് പങ്കെടുത്തിരുന്നില്ല. കൊച്ചി ക്രൗൺ പ്ലാസയില്‍ മോഹൻലാലും സുചിത്രയും വിസ്മയ മോഹൻലാലും പങ്കെടുത്ത ചടങ്ങിലും പ്രണവ് എത്തിയിരുന്നില്ല.
എന്നാൽ ഇതിനിടയിലാണ് വിസ്മയയുടെ കന്നിച്ചിത്രം കാണാൻ പ്രണവ് എത്തിയത്. വിസ്മയയ്ക്കും അമ്മയ്ക്കുമൊപ്പം കൊച്ചിയിലെ തിയറ്ററിലെത്തിയ പ്രണവിന്റെ വിഡിയോകൾ വൈറലാണ്. ആൾക്കൂട്ടത്തിനിടയിൽ വിസ്മയയുടെ കൈപിടിച്ച് നടക്കുന്ന പ്രണവിനെ ഏറെ കാലത്തിനുശേഷമാണ് ആരാധകർ കാണുന്നത്. മാധ്യമങ്ങളോട് സംസാരിക്കാൻ വിസ്മയയ്ക്ക് ധൈര്യം നൽകുന്ന പ്രണവിന്റെ വിഡിയോകളും വൈറലാണ്. ഏട്ടനെ നോക്കുന്ന വിസ്മയയോട് കണ്ണിറുക്കി കൂടെയുണ്ട് എന്നു പറയാതെ പറയുന്നതും വിഡിയോയിൽ കാണാം. പരിഭ്രമത്തോടെ ഏട്ടനെ തിരിഞ്ഞുനോക്കുമ്പോഴാണ് പ്രണവിന്റെ ഈ മറുപടി.
ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും മകന്‍ ആശിഷ് ആന്റണിയും ആദ്യ ഷോയ്ക്കെത്തിയിരുന്നു. ‘തുടക്ക’ത്തിൽ പ്രധാന വേഷത്തിൽ ആശിഷ് ആന്റണിയുമുണ്ട്.
വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ മോഹൻലാൽ അതിഥി വേഷത്തിലെത്തിയിരുന്നു. ജൂഡ് സംവിധാനം ചെയ്ത തുടക്കത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് എഴുതിയത്. ചിത്രത്തിന്റെ പ്രമോഷൻസ് പരിപാടികളിലെല്ലാം മോഹൻലാലും സുചിത്രയും സജീവമായിരുന്നു.








