റിയാലിറ്റി ഷോ താരവും ബിജെപി യുവനേതാവുമായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. സാമ്പത്തിക ലക്ഷ്യം വച്ചാണ് റോബിൻ ബിജെപിയിലേക്ക് എത്തിയതെന്നാണ് വേദ് ലക്ഷ്മിയുടെ ആരോപണം. ബിജെപിക്കാർ വർഗീയ വാദികളാണെന്ന് പറയുന്ന റോബിന്റെ വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റും ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
‘‘എന്തുകൊണ്ട് ബിജെപി, ബിജെപിയുടെ തത്വങ്ങളോ കാര്യങ്ങളോ ഒന്നും എബിസിഡി അറിയില്ല. മോദി ജിയെ ഇഷ്ടമാണ്. ബിജെപി വർഗീയവാദികളാണ്, സത്യം പറയാമല്ലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട്. ഞാൻ സ്ഥാനാർഥിയായെന്ന് വച്ചോളൂ, എന്നോട് അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ ഒരു രാഷ്ട്രീയക്കാരനായേ ഞാൻ സംസാരിക്കൂ.’’–വേദ് ലക്ഷ്മി പുറത്തുവിട്ട് വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റിൽ റോബിൻ പറയുന്നു.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് വേദ് ലക്ഷ്മിക്കെതിരെ റോബിൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്. പരാതി പ്രാഥമികമായി പരിശോധിച്ച ശേഷം എതിർകക്ഷികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുണ്ട്.
പരാതി നൽകിയ ശേഷം തനിക്കെതിരായ ആരോപണത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെങ്കിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ വരാനും വേദ് ലക്ഷ്മിയോട് റോബിൻ ആവശ്യപ്പെട്ടിരുന്നു. റോബിനു മറുപടിയുമായി വേദ് ലക്ഷ്മി എത്തിയതും വിവാദങ്ങൾക്ക് ചൂടുപിടിപ്പിച്ചിട്ടുണ്ട്.
‘‘ഇന്നത്തെ എന്റെ ഞായറാഴ്ച തുടങ്ങിയത് റോബിൻ രാധാകൃഷ്ണന്റെ കേസും അതുമായി ബന്ധപ്പെട്ട മെസേജുകളും വച്ചാണ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ എത്തണമെന്നൊക്കെയാണ് ആ സ്റ്റോറിയിൽ പറയുന്നത്. എനിക്ക് റോബിനോടു പറയാനുള്ളത്, തിങ്കളാഴ്ച എനിക്ക് ജോലിയുണ്ട്. നിന്നെപ്പോലെ ഞാൻ വെറുതെ ഇരിക്കുകയല്ല, വിളിക്കുമ്പോൾ ഉടനെ സ്റ്റേഷനിലേക്കു വരാൻ.
രാവിലെയും ഉച്ച കഴിഞ്ഞുമൊക്കെ വർക്കുണ്ട്, ധരിപ്പിക്കാൻ ഉള്ളവരോടൊക്കെ ഇത് ധരിപ്പിച്ചിട്ടുമുണ്ട്. എന്റെ ജോലി കഴിഞ്ഞ് സൗകര്യമുള്ള സമയത്ത് വന്ന് എനിക്ക് പറയാനുള്ള മുഴുവൻ കാര്യങ്ങളും അവിടെ പറഞ്ഞുകൊള്ളാം. അതവിടെ നിൽക്കട്ടെ, െചറിയൊരു ഓലപ്പടക്കം കണ്ടപ്പോഴാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോൾ ശരിക്കുമുളള തൃശൂർപൂരം തുടങ്ങുമ്പോൾ എന്താകും നിന്റെ അവസ്ഥ
നീ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യ്. നിന്റെ വളച്ചൊടിക്കുന്ന സ്റ്റോറീസ് പോസ്റ്റ് ചെയ്തോ ബന്ധങ്ങൾ വച്ചോ അങ്ങനെ എന്തു വേണമെങ്കിലും ചെയ്യ്. വെല്ലുവിളിക്കുകയാണെന്നു തന്നെ വച്ചോ, നീ എവിടെ നിർത്തുന്നോ അവിടെ നിന്നു ഞാൻ തുടങ്ങും. ഇത് വെറുതെ പറയുന്നതല്ല. കുറേ നാള് കാത്തിരുന്നു, നിയമപരമായി പോകാൻ ഉദ്ദേശിച്ചിട്ടും…
നിന്നോട് സഹതാപം തോന്നുന്നൊരു കാര്യം, നീയൊരു സൈബർ ക്വട്ടേഷൻ ഒക്കെ കൊടുത്തിട്ടുണ്ടായിരുന്നു. അത് കറങ്ങിത്തിരിഞ്ഞ് നിനക്കു തന്നെ ഇപ്പോൾ വിനയായി വന്നപ്പോൾ എനിക്കു തോന്നുന്ന കാര്യമുണ്ട്. പണ്ട് മുട്ടനാടുകൾ തമ്മിൽ തമ്മിലിടിപ്പിച്ചിട്ട് ചോര കുടിക്കാൻ നിൽക്കുന്ന കുറുക്കന്റെ കഥയില്ലേ, അതൊക്കെ പണ്ട് ഇത് 2026 ആണ്. മുട്ടനാടുകളും ആലോചിച്ചും കണ്ടുമേ എന്തെങ്കിലും ചെയ്യത്തൊള്ളൂ. അതിനിടയ്ക്ക് നിന്ന് ഇടികൊള്ളാൻ പോകുന്നത് നീയാണ്.
നീ എന്തൊക്കെ ചെയ്താലും ഇതിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല, കാത്തിരുന്ന് കണ്ടുകൊള്ളൂ, ഇനി ഇതിൽ നിന്നൊരു തിരിഞ്ഞുപോക്കില്ല. ഒരുകാര്യം വിട്ടുപോയി, ഈ മേടിച്ച പൈസയൊക്കെ തിരിച്ച് കൊടുക്ക് റോബിൻ, എന്നിട്ട് സംസാരിക്ക്. അതാണ് അതിന്റെയൊരു ശരി, സ്നേഹം പരക്കട്ടെ, സ്നേഹം നന്നായി പരക്കട്ടെ.’’–വേദ് ലക്ഷ്മിയുടെ വാക്കുകൾ..






