കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും, വിൽക്കാൻ സഹായിച്ച ആളിനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അമ്മയുടെ കഴുത്തിൽ കിടന്ന മാല വീട്ടിനകത്തു വച്ച് ടോജൻ കുര്യൻ പൊട്ടിച്ച് ഓടി കളയുകയായിരുന്നു. മുഹമ്മദ് ഷംഷാദ് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ മാല പണയം വച്ച് പൈസ വാങ്ങി. ഇതിനുശേഷം പുതിയ മൊബൈൽ ഫോൺ വാങ്ങി. ബാക്കി തുക കടം വീട്ടാനുള്ളവർക്കു നൽകി.
കൂട്ടുകാരുമൊത്ത് മദ്യപിച്ചും പണം ചെലവാക്കി. മുൻപും ടോജന്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റിട്ടുണ്ട്. മുഹമ്മദ് ഷംഷാദ് അൽത്താഫ് നിരവധി മോഷണക്കേസുകളിൽ ജയിലിൽ കിടന്നിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു.







