ജയ്പൂർ∙ കുടുംബതർക്കത്തിന് പിന്നാലെ 16 വയസ്സുകാരൻ മുത്തച്ഛനെ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി. രാജസ്ഥാനിലെ പൈലി ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം നദിയിൽ തള്ളിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ 16കാരനെയും സഹായിയായ 50കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 10നാണ് സംഭവം നടന്നത്. രണ്ടുദിവസത്തിന് ശേഷം നദിക്കരയിൽ നിന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ നെഞ്ചിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്നത് കൊലപാതമാണെന്നും പിന്നിൽ മരിച്ചയാളുടെ കൊച്ചുമകനാണെന്നും മനസ്സിലായത്.
വയോധികനെ കാണാതായിട്ടും എന്തുകൊണ്ട് പൊലീസിൽ വിവരം അറിയിച്ചില്ല എന്ന ചോദ്യം വന്നതോടെ 16കാരൻ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ മുത്തച്ഛന്റെ മരണത്തിൽ കുട്ടിക്ക് എന്തോ പങ്കുണ്ടെന്ന് പൊലീസിന് തോന്നി. പിന്നാലെ കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയത് താനാണെന്ന് കുട്ടി സമ്മതിച്ചു. കൊലപാതകം നടത്താനുള്ള രീതിയെ പറ്റിയും എത്രത്തോളം സമ്മർദം ചെലുത്തിയാൽ മരണം ഉറപ്പാക്കാമെന്നും കുട്ടി ഓൺലൈനിൽ തിരഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.
16കാരനും സഹായിയും ചേർന്ന് മുത്തച്ഛനെ സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് ആക്രമിച്ചതിന് പിന്നാലെ മൃതദേഹം ചാക്കിൽ കെട്ടി നദിക്കരയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.







