അത്തോളി∙ “ദയവായി ഇരിക്കുക. അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല.” അത്തോളി പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡ് പൊതുജനശ്രദ്ധ നേടുന്നു. ഓഫിസിലെത്തുന്നവർക്ക് ഇരിക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന സന്ദേശം നൽകുന്നതായിരുന്നു ബോർഡ്. പൊതുജനങ്ങളോടുള്ള കരുതലിന്റെയും സൗഹൃദപരമായ സമീപനത്തിന്റെയും പ്രതീകമായാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്.
മുൻ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാറാണ് ബോർഡ് സ്ഥാപിച്ചത്. ഓഫിസിലെത്തുന്നവർ ഒഴിഞ്ഞുകിടക്കുന്ന കസേരകൾക്ക് മുന്നിൽപ്പോലും ഇരിക്കാൻ അനുമതി ലഭിക്കുന്നതും കാത്ത് നിൽക്കേണ്ടി വരുമ്പോഴായിരുന്നു അനിൽകുമാറിന്റെ ഈ വ്യത്യസ്തമായ സമീപനം. ഒരാഴ്ച മുൻപാണ് അനിൽകുമാർ അത്തോളിയിൽനിന്ന് ഒളവണ്ണ പഞ്ചായത്തിലേക്ക് സ്ഥലംമാറിയത്. സ്ഥലംമാറിയെങ്കിലും പൊതുജനങ്ങളോടുള്ള സൗഹൃദപരമായ ഇടപെടലിന്റെ ഓർമയായി ബോർഡിന്റെ ചിത്രം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്. മുൻപ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന സമയത്തും സമാനമായ ബോർഡ് സ്ഥാപിച്ചിരുന്നതായി അനിൽകുമാർ പറഞ്ഞു.






