കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായി നാട്ടുകാർ; പയ്യമ്പള്ളിയിൽ തലവേദനയായി ‘കാക്ക വേട്ട’

Spread the love

മാനന്തവാടി: സാധാരണയായി കാക്കകളെ കാണുമ്പോൾ ആളുകളാണ് അവയെ ഓടിക്കുന്നത്. എന്നാൽ മാനന്തവാടിക്കടുത്ത് പയ്യമ്പള്ളിയിൽ കഥ നേരെ തിരിച്ചാണ്. ഇവിടെ കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായാണ് ചിലർ പുറത്തിറങ്ങുന്നത്. കാക്കകൾ പിന്നാലെ കൂടിയതോടെ പുറത്തിറങ്ങുന്നതിന് മുമ്പ് റോഡിലേക്കല്ല, ആകാശത്തേക്കാണ് ഇവർ ആദ്യം നോക്കുന്നത്.

 

പയ്യമ്പള്ളിയിലെ ബേബി, ജോർജ്, തോമസ്, ദേവസ്യ എന്നിവരാണ് ദിവസങ്ങളായി കാക്കകളുടെ ‘ശല്യം’ അനുഭവിക്കുന്നത്. പുറത്തിറങ്ങിയാൽ കാക്കകൾ പിന്നാലെ കൂടും. ചിലപ്പോൾ തലയ്ക്കു നേരെ പറന്നെത്തി കൊത്താൻ ശ്രമിക്കും. ഇതോടെ പുറത്തേക്കിറങ്ങുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളും വേണം.

 

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ബേബിക്കാണ്. ഒരു മാസം മുമ്പ് വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് നിലത്തുവീണ കാക്കയെ ബേബി രക്ഷിച്ചിരുന്നു. കാക്കയെ എടുത്ത് തേച്ച് ചൂടാക്കി വെള്ളം കൊടുത്താണ് രക്ഷിച്ചത്. എന്നാൽ ആ നന്മയ്ക്ക് കാക്ക നൽകിയ പ്രതിഫലം ഇപ്പോൾ ബേബിക്ക് തലവേദനയായിരിക്കുകയാണ്.

 

കഴിഞ്ഞ രണ്ടാഴ്ചയായി കാക്ക തന്നെ പിന്തുടരുകയാണെന്നാണ് ബേബിയുടെ പരാതി. വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ കാക്കയും പിന്നാലെയുണ്ടാകും. ഒടുവിൽ കാക്കയെ നേരിടാൻ കവണയും കുടയും കൈയിൽ കരുതിയാണ് ബേബി പുറത്തിറങ്ങുന്നത്.

 

“ഒരു ദിവസം വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് ഒരു കാക്ക താഴെ കിടക്കുന്നത് കണ്ടു. അതിനെ എടുത്ത് ശ്രിശ്രുഷിച് വെള്ളം കൊടുത്തും രക്ഷിച്ചു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങുമ്പോഴെല്ലാം കവണ കൈയിൽ കരുതണം. അത്രയ്ക്കാണ് ശല്യം. വീട്ടിൽനിന്ന് ടൗണിലേക്ക് പോകുമ്പോഴും കാക്ക പിന്നാലെയുണ്ടാകും,” ബേബി പറയുന്നു.

 

മറ്റുള്ള മൂന്നുപേരുടെയും അനുഭവം ഏറെക്കുറെ സമാനമാണ്. കാക്കകളെ പേടിച്ച് വയലിൽ ജോലി ചെയ്യാൻ പോലും ഹെൽമറ്റ് ധരിക്കുന്നവരുണ്ട്. മഴയില്ലെങ്കിലും കുടയുമായി നടക്കുന്നവരുമുണ്ട്.

 

താൻ ഒരിക്കലും കാക്കയെ ഉപദ്രവിച്ചിട്ടില്ലെന്നാണ് തോമസ് പറയുന്നത്. എന്നിട്ടും ഒരു വർഷത്തോളമായി കാക്കകൾ തന്നെ പിന്തുടരുകയാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. പിന്നീട് ഇതേ കാക്കകൾ ജോർജിനെയും ലക്ഷ്യമിട്ടു. ഇപ്പോൾ നാല് പേരെയും ചുറ്റിപ്പറ്റി രണ്ട് കാക്കകൾ സ്ഥിരമായി പറക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

 

“വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ ഉടൻ കാക്കകൾ ആകാശത്ത് വട്ടമിട്ട് പറക്കാൻ തുടങ്ങും. എന്തിനാണ് അവ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഇപ്പോൾ ഹെൽമറ്റും കുടയും എടുത്തേ പുറത്തിറങ്ങാൻ കഴിയൂ,” തോമസ് പറയുന്നു.

 

പയ്യമ്പള്ളിയിലെ ഈ ‘കാക്ക വേട്ട’ ഇപ്പോൾ നാട്ടുകാരിലും കൗതുകമുണ്ടാക്കിയിട്ടുണ്ട്.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *