കയ്‌റോ∙ ഭാര്യക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് യുവാക്കളെയും പ്രവാസി യുവാവ് കൊലപ്പെടുത്തി. ദക്ഷിണ ഈജിപ്തിലെ സൊഹാഗ് ഗവര്‍ണറേറ്റിലെ മസാകിന്‍ അല്‍ശോശ് ഏരിയയിലാണ് സംഭവം. ലിബിയയിൽ ജോലി ചെയ്തിരുന്ന പ്രതി, നാട്ടിൽ തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊലപാതകം നടത്തിയത്.
കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെ അജ്ഞാത നമ്പറിൽ നിന്ന് ഭാര്യയുടെ ചിത്രങ്ങൾ അടങ്ങിയ സന്ദേശം ലഭിച്ചെന്നും, അതിലാണ് ഭാര്യക്ക് മറ്റ് ബന്ധങ്ങളുള്ളതായി ആരോപിച്ചതെന്നും പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു.
നാട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ ഭാര്യ കുറ്റം സമ്മതിച്ചതായി പ്രതി അവകാശപ്പെടുന്നു. തുടർന്ന് രണ്ട് യുവാക്കളെ സമീപത്തെ വർക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടിലെത്തി ഭാര്യയെയും വധിച്ചു. കൊല്ലപ്പെട്ട യുവാക്കളിലൊരാളുടെ ജനനേന്ദ്രിയം പ്രതി മുറിച്ചുമാറ്റിയതായും പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ച സുരക്ഷാ വകുപ്പുകൾ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.







