ലക്നൗ ∙ നോയിഡയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ബിഹാർ സ്വദേശി പിടികൊടുക്കാതെ സഞ്ചരിച്ചത് ആയിരം കിലോമീറ്റർ. എന്നാൽ സഞ്ചിയിൽ സൂക്ഷിച്ച 5 കുപ്പി മദ്യം പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചു. ഉത്തർപ്രദേശിലെ ബറോളയിൽ വച്ചാണ് രാമൻ രാജ് എന്നയാൾ അസം സ്വദേശിനിയായ മഹേക് അഹമ്മദ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. ശേഷം യുവതിയുടെ മൃതദേഹം മുറിക്കകത്തിട്ടു പൂട്ടി രാമൻ രാജ് ഒളിവിൽ പോവുകയായിരുന്നു.
പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. ബറോളയിലെ വാടക കെട്ടിടത്തിലെ രണ്ട് മുറികളിലാണ് രാമൻ രാജും മഹേക് അഹമ്മദും കഴിഞ്ഞിരുന്നത്. സുഹൃത്തുക്കളായ ഇരുവരും ഓഗസ്റ്റ് 8ന് രാത്രി മദ്യപിച്ചിരുന്നു. എന്നാൽ പിറ്റേന്ന് മഹേകിനെ കാണാതായതോടെ മറ്റൊരു സുഹൃത്തിനു തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. രാമൻ രാജിനെയും മഹേകിനെയും രാത്രി ഒരുമിച്ച് കണ്ട സുഹൃത്ത് പിറ്റേന്ന് മഹേകിനെ കാണാതായതോടെ രാമന്റെ മുറിയിൽ അന്വേഷിച്ചെത്തി. എന്നാൽ മുറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുറിക്കകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവരം അറിഞ്ഞെത്തിയ പൊലീസ് രാമൻ രാജിന്റെ ഫോൺ പരിശോധിച്ചപ്പോൾ പ്രതി സ്വന്തം നാടായ ബിഹാറിലെ കതിഹാറിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് നോയിഡ പൊലീസ് പിന്തുടരാൻ തുടങ്ങി. എന്നാൽ പൊലീസ് എത്തും മുൻപേ രാമൻ രാജ് ഒഡീഷ പൊലീസിന്റെ കസ്റ്റഡിയിലായി. മദ്യനിരോധിത സംസ്ഥാനമായ ബിഹാറിൽ പൊലീസ് പട്രോളിങ്ങിനിടെയാണ് രാമൻ രാജ് അറസ്റ്റിലായത്. ഇയാളുടെ കൈവശം അഞ്ച് കുപ്പി മദ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. നിരോധനം ലംഘിച്ച് മദ്യം കൊണ്ടുവന്ന കേസിൽ ബിഹാർ പൊലീസ് രാമന് രാജിനെതിരെ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ നോയിഡ പൊലീസും സ്റ്റേഷനിലെത്തി.







